അന്നനാളത്തിലെ സൂക്ഷ്മാണുക്കളെ നിയന്ത്രിച്ച് ഉൽകണ്ഠാ രോഗങ്ങൾ കുറയ്ക്കാമെന്ന് പഠനം

single-img
22 May 2019

അന്നനാളത്തിലെ സൂക്ഷ്മാണുക്കളെ നിയന്ത്രിച്ച് ഉൽകണ്ഠാ രോഗങ്ങൾ കുറയ്ക്കാമെന്ന് പഠനഫലങ്ങൾ. ചൈനയിലെ ഷാങ്ഹായ് ജിയാവോ തോംഗ് സർവ്വകലാശാലയിലെ സ്കൂൾ ഓഫ് മെഡിസിൻ ആണ് പഠനം നടത്തിയത്.

പ്രോബയോട്ടിക് ഭക്ഷണങ്ങളും (സൌഹൃദ ബാക്ടീരിയകൾ അടങ്ങിയവ) നോൺ പ്രോ ബയോട്ടിക് ഭക്ഷണങ്ങളും ഉപയോഗിച്ച് അന്നനാളത്തിലെ ബാക്ടീരിയകളെ നിയന്ത്രിക്കാമെന്നും അതുവഴി ഉൽകണ്ഠാ രോഗങ്ങളും മാനസിക പിരിമുറുക്കവും കുറയ്ക്കാൻ സാധിക്കുമെന്നുമാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഉൽകണ്ഠാ രോഗങ്ങളും മാനസിക പിരിമുറുക്കവും വിഷാദവുമെല്ലാം ആളുകളിൽ സാധാരണയായി മാനസികവും ശരീരികവുമായ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കാറുണ്ട്. ശാരീരികമായ ബുദ്ധിമുട്ടുകളിൽ ഹൃദയാഘാതവും രക്താതിസമ്മർദ്ദവും അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടും. മൊത്തം ലോകജനസംഖ്യയുടെ മൂന്നിലൊരാൾ ഉൽകണ്ഠാ രോഗലക്ഷണങ്ങൾ ജീവിതത്തിലൊരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവരായിരിക്കുമെന്ന് ഗവേഷകർ പറയുന്നു.

അന്നനാളത്തിലെ കോടിക്കണക്കിനു വരുന്ന സൂക്ഷ്മാണുക്കൾ നമ്മുടെ രോഗപ്രതിരോധവ്യവസ്ഥ, ശരീരപോഷണം തുടങ്ങി നിരവധി കാര്യങ്ങളിൽ ഇൻഫ്ലമേറ്ററി മീഡിയേറ്ററുകൾ, വിറ്റാമിനുകൾ തുടങ്ങിയവ ഉല്പാദിപ്പിച്ചുകൊണ്ട് വലിയ പങ്കു വഹിക്കുന്നവയാണ്. ഇവയ്ക്ക് തലച്ചോറിന്റെ പ്രവർത്തനങ്ങളെ അന്നനാള-മസ്തിഷ്ക അച്ചുതണ്ട് (gut-brain axis) വഴി നിയന്ത്രിക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അന്നനാ‍ളവും കേന്ദ്ര നാഡീവ്യൂഹവും തമ്മിലുള്ള ജൈവരസതന്ത്ര ബന്ധ (biochemical signaling) ത്തെയാണ് അന്നനാള-മസ്തിഷ്ക അചുതണ്ട് എന്ന് വിളിക്കുന്നത്.

കുടലിലെ ബാക്ടീരിയകളെ നിയന്ത്രിച്ചുകൊണ്ട് മാനസികാരോഗ്യചികിത്സ നടത്താമെന്നാണ് ചൈനയിലെ ഗവേഷകരുടെ കണ്ടെത്തൽ. തങ്ങളുടെ പഠനഫലങ്ങൾക്ക് പൂർണമായ തെളിവുകളൊന്നും ഗവേഷകർ കണ്ടെത്തിയിട്ടില്ല.

1503 ആളുകളിലായി 21 പഠനങ്ങളാണ് ഇവർ നടത്തിയത്. ഇതിൽ 14 പഠനങ്ങളിൽ പ്രോബയോട്ടിക് ഭക്ഷണസാധനങ്ങളാണ് കുടലിലെ ബാക്ടീരിഅയകളെ നിയന്ത്രിക്കുവാൻ വേണ്ടി ഉപയോഗിച്ചത്. 7 പഠനങ്ങളിൽ മറ്റു മാർഗങ്ങളും ഉപയോഗിച്ചു. പരീക്ഷണത്തിനു വിധേയ്യരാകുന്ന ആളുകളുട് ഭക്ഷണശീലം നിയന്ത്രിച്ചാണ് പഠനം നടത്തിയത്.

പ്രോബയോട്ടിക് ഭക്ഷണ സാധനങ്ങൾ മനുഷ്യ സൌഹൃദ ബാക്ടീരിയകളുടെ സ്രോതസ് ആണ്. ഈ സുഹൃദ് ബാക്ടീരിയകൾ ശരീരത്തിനു ദോഷകരമായ ബാക്ടീരിയകൾ ഇല്ലാതാക്കുകയും ചെയ്യും.

21 പഠനങ്ങളിൽ 11 പഠനങ്ങളുടെ ഫലങ്ങളും അനുകൂലമായിരുന്നുവെന്ന് ഗവേഷകർ പറയുന്നു. പ്രോബയോട്ടിക് സപ്പ്ലിമെന്റുകൾ ഉപയോഗിച്ചുനടത്തിയ പഠനങ്ങളിൽ 36 ശതമാനത്തിൽക്കൂടുതൽ പഠനങ്ങളിൽ ഉൽകണ്ഠാ രോഗലക്ഷണങ്ങൾ കുറയുന്നതായി കണ്ടെത്തിയപ്പോൾ നോൺ പ്രോബയോട്ടിക് സപ്ലിമെന്റുകൾ ഉപയോഗിച്ചു നടത്തിയ 7-ൽ 6 പഠനങ്ങളും വിജയകരമായിരുന്നു.

നിരീക്ഷണഫലങ്ങൾ മാത്രമായതിനാൽ കൂടുതൽ തെളിവുകൾ കണ്ടെത്തിയ ശേഷമേ ഈ കണ്ടെത്തൽ ഉറപ്പിക്കുവാൻ കഴിയൂ എന്നാണ് വിദഗ്ദർ പറയുന്നത്.

Content Highlights : Regulating gut microbes may reduce anxiety