പരാജയം അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറാകണം: രവിശങ്കര്‍ പ്രസാദ്

single-img
22 May 2019

വോട്ടിംഗ് മെഷീനെതിരേ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച പ്രതിപക്ഷ പാര്‍ട്ടികളെ പരിഹസിച്ച് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ്. തെരഞ്ഞെടുപ്പില്‍ തോല്‍വിയുണ്ടായാല്‍ അതിനെ മനസ്സോടെ അംഗീകരിക്കുകയാണ് വേണ്ടതെന്നും അതിന് പകരം വോട്ടിംഗ് മെഷീനെ കുറ്റം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

മമതാബാനര്‍ജിക്കും എന്‍ ചന്ദ്രബാബു നായ്ഡുവിനും അമരീന്ദര്‍ സിംഗിനുമെല്ലാം തെരഞ്ഞെടുപ്പില്‍ വിജയിച്ച് മുഖ്യമന്ത്രിമാരായപ്പോള്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ ഒരു കുഴപ്പവുമില്ലായിരുന്നു. ബിജെപി തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എല്ലാ വോട്ടിംഗ് മെഷീനും കുഴപ്പമാണ്. നരേന്ദ്രമോദി രണ്ടാം വട്ടവും പ്രധാനമന്ത്രിയായാല്‍ തോല്‍വിയെ വലിയമനസ്സോടെ അംഗീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മമതാബാനര്‍ജി രണ്ടു തവണ മുഖ്യമന്ത്രിയായപ്പോഴും അമരീന്ദര്‍ സിംഗ് പഞ്ചാബില്‍ ഭരണമേറ്റപ്പോഴും വോട്ടിംഗ് മെഷീന്‍ നല്ലതായിരുന്നു. നിലവില്‍ പുറത്തുവന്നിരിക്കുന്ന എക്‌സിറ്റ് പോള്‍ പ്രകാരമാണ് കാര്യങ്ങളെങ്കില്‍ മോഡി വീണ്ടും പ്രധാനമന്ത്രിയാകാന്‍ രാജ്യം ആഗ്രഹിക്കുന്നു എന്നതാണ് കാര്യം. അതില്‍ വോട്ടിംഗ് മെഷീന് ബന്ധമില്ല. നാലാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ തോല്‍ക്കുമെന്ന് പ്രതിപക്ഷത്തിന് മനസ്സിലായെന്നും അദ്ദേഹം വ്യക്തമാക്കി.