പ്രവാസികള്‍ക്ക് ഇരുട്ടടി: ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂടും

single-img
22 May 2019

ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് പൂര്‍ണമായി നിലയ്ക്കുകയും ഇന്‍ഡിഗോയുടെ തിരുവനന്തപുരം, അഹമ്മദാബാദ് സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തതോടെ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരുന്നു.

അടിയന്തരമായി സിവില്‍ ഏവിയേഷന്‍ അധികൃതരുടെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ദോഹയില്‍ നിന്നും കേരളത്തിലെ 4 വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള അവധിക്കാല ടിക്കറ്റ് നിരക്ക് ഇപ്പോഴുള്ളതിന്റെ 4 ഇരട്ടിയിലേറെ ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരി പകുതി മുതല്‍ ഓഗസ്റ്റ് പകുതി വരെ കേരളത്തില്‍ നിന്ന് ഖത്തറിലേക്കുള്ള ടിക്കറ്റുകള്‍ മുന്‍ വര്‍ഷങ്ങളില്‍ ഏറ്റവും താഴ്ന്ന നിരക്കില്‍ ലഭ്യമായിരുന്നു. 350 റിയാല്‍ നിരക്കില്‍ കഴിഞ്ഞവര്‍ഷം വരെ ലഭ്യമായ കൊച്ചി ദോഹ ടിക്കറ്റിന് ഇപ്പോള്‍ 800 റിയാല്‍ നല്‍കേണ്ട സ്ഥിതിയാണ്.

ജൂണ്‍ അവസാനവാരത്തില്‍ ഖത്തറില്‍ മധ്യവേനല്‍ അവധിക്കു സ്‌കൂള്‍ അടയ്ക്കുമ്പോഴാണ് മുന്‍വര്‍ഷങ്ങളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നിരുന്നത്. ചെറിയ പെരുന്നാള്‍ അവധിയും സ്‌കൂള്‍ അടയ്ക്കുന്നതും വരുന്ന ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണു കേരളദോഹ സര്‍വീസുകളില്‍ ടിക്കറ്റ് നിരക്ക് ഏറ്റവും ഉയരുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ ഇക്കാലയളവില്‍ ദോഹയില്‍ നിന്നു കേരളത്തിലെത്തി അവധി കഴിഞ്ഞു മടങ്ങുന്നതിനു ശരാശരി ടിക്കറ്റ് നിരക്ക് 2,500 റിയാല്‍ ആയിരുന്നത് ഇത്തവണ 3,200 റിയാലിനു മുകളില്‍ എത്തുമെന്ന സൂചനയാണു വിവിധ ട്രാവല്‍ ഏജന്‍സികളില്‍ നിന്നു ലഭിക്കുന്നത്.

ദോഹയില്‍ നിന്ന് കേരളത്തിലേക്കും ഡല്‍ഹിയിലേക്കും മുംബൈയിലേക്കും ജെറ്റ് എയര്‍വേയ്‌സ് നിത്യേന സര്‍വീസ് നടത്തിയിരുന്നു. ഡല്‍ഹി മുംബൈദോഹ സെക്ടറില്‍ മാത്രം 28 പ്രതിവാര സര്‍വീസുകളാണ് ജെറ്റിനു ഉണ്ടായിരുന്നത്. ഇന്ത്യയിലേക്ക് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്ന് ഖത്തര്‍ എയര്‍വേയ്‌സും ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ജെറ്റ് എയര്‍വേയ്‌സ് സര്‍വീസുകള്‍ പൂര്‍ണമായി നിലയ്ക്കുകയും ഇന്‍ഡിഗോയുടെ അഹമ്മദാബാദ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്തതോടെ ഉണ്ടായിരിക്കുന്ന തിരക്ക് പരിഹരിക്കാന്‍ നടപടി വേണമെന്നു വിവിധ പ്രവാസി സംഘടനകള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചിരുന്നു.