Latest News, Lok Sabha Election 2019

ഫലം വരും മുമ്പേ 26ന് സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങി മോദി; മന്‍ കിബാത്ത് ജൂണ്‍ 2 മുതല്‍ പുന:രാരംഭിക്കാനും നീക്കം: പ്രതീക്ഷ കൈവിടാതെ തിരക്കിട്ട നീക്കങ്ങളുമായി പ്രതിപക്ഷം

രാജ്യം ഉറ്റുനോക്കുന്ന പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. നരേന്ദ്ര മോദിക്ക് രണ്ടാം ഊഴം ഉണ്ടാകുമോ അതോ പ്രതിപക്ഷത്തിന് അധികാരം പിടിക്കാനുള്ള അംഗ ബലമുണ്ടാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി കാത്തിരിക്കുകയാണ് ജനങ്ങള്‍. എക്‌സിറ്റ് പോളുകള്‍ ബിജെപി മുന്നേറ്റം പ്രവചിക്കുമ്പോള്‍ യഥാര്‍ത്ഥ വിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

543 അംഗ ലോക്‌സഭയില്‍ വെല്ലൂര്‍ ഒഴികെയുള്ള മണ്ഡലങ്ങളിലേക്കാണ് ഏപ്രില്‍ 11 മുതല്‍ മെയ് 19വരെ വോട്ടെടുപ്പ് നടന്നത്. 29 സംസ്ഥാനങ്ങളിലെയും ഏഴു കേന്ദ്രഭരണ പ്രദേശങ്ങളിലെയും 856 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന വോട്ടെണ്ണലിന്റെ ഫല സൂചനകള്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ അറിയാം.

എങ്കിലും അന്തിമ ഫലം വരുന്നത് വൈകും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒരു ലോക്‌സഭാ മണ്ഡലത്തിന് കീഴിലെ ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ചു വീതം വോട്ടിംഗ് യന്ത്രങ്ങളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നതാണ് കാരണം.

ഇതിനിടെ ദേശീയ രാഷ്ട്രീയത്തില്‍ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. രണ്ടാം മോദി സര്‍ക്കാരിനുള്ള ഒരുക്കങ്ങളുമായി ബിജെപി മുന്നോട്ടു പോവുകയാണ്. രണ്ടാം മോദി സര്‍ക്കാരിനായി എന്‍ഡിഎ സഖ്യകക്ഷികള്‍ മാര്‍ഗരേഖ ഒപ്പുവെച്ചു. 39 പാര്‍ട്ടികള്‍ ഒപ്പമുണ്ടെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.

തിരഞ്ഞെടുപ്പ് ഫലം വന്ന ഉടന്‍ തന്നെ ഡല്‍ഹിയിലെത്താന്‍ എന്‍ഡിഎ എം.പിമാരോട് നിര്‍ദേശിച്ചിട്ടുണ്ട്. 26ന് സത്യപ്രതിജ്ഞ നടക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. 2014ല്‍ മോദി അധികാരമേറ്റെടുത്തും ഇതേ ദിവസമായിരുന്നു. മോദിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കിബാത്ത് ജൂണ്‍ 2 മുതല്‍ പുന:രാരംഭിച്ചേക്കും.

വോട്ടെണ്ണലിന് മുന്‍പ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ ജീവത്യാഗം അനുസ്മരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഇരുപക്ഷത്തുമില്ലാതെ നില്‍ക്കുന്നവരെ ഒപ്പം നിര്‍ത്താനുള്ള നീക്കവും ബിജെപി ക്യാംപില്‍ സജീവമാണ്.

എന്നാല്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നാല്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ് നേതാക്കളുമായി ശരദ് പവാര്‍ ആശയവിനിമയം നടത്തുന്നുണ്ട്. അതേസമയം മഹാരാഷ്ട്രയിലെ മുന്‍മന്ത്രിയും എന്‍സിപി നേതാവും ബീഡ് എംഎല്‍എയുമായ ജയ്ദത്ത് ക്ഷീര്‍സാഗര്‍ പാര്‍ട്ടിവിട്ട് ശിവസേനയില്‍ ചേരാന്‍ തീരുമാനിച്ചത് എന്‍സിപിക്ക് തിരിച്ചടിയായി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, അഹമ്മദ് പട്ടേല്‍, ജയറാം രമേഷ് എന്നിവര്‍ പ്രതിപക്ഷ നിരയില്‍ സഖ്യത്തിന് ശ്രമം നടത്തുന്നുണ്ട്. വിധിയെഴുത്ത് ബിജെപിക്ക് അനുകൂലമല്ലെങ്കില്‍ ഉടന്‍തന്നെ പ്രതിപക്ഷനേതാക്കളുടെ യോഗം വിളിക്കാനും രാഷ്ട്രപതിയെ കാണാനുമാണ് ധാരണ. അഭിഷേക് സിങ്‌വിയെയാണ് ഇതിന്റെ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. നൂറില്‍ കൂടുതല്‍ സീറ്റ് ലഭിച്ചാല്‍ മാത്രമേ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നിയിക്കാനിടയുള്ളൂ.