മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് പകരം ഇവിടെ ജൈവ വളമാക്കി മാറ്റും

single-img
22 May 2019

മരണപ്പെട്ടവരുടെ ശരീരം സംസ്ക്കരിക്കാതെ ഹ്യൂമണ്‍ കമ്പോസ്റ്റിംഗ് ആക്കുന്നത് നിയമവിധേയമാക്കുന്ന ആദ്യ അമേരിക്കന്‍ സംസ്ഥാനമായി വാഷിങ്ടൺ മാറി. ഇതിനുള്ള നിയമത്തില്‍ ഗവര്‍ണ്ണര്‍ ജായ് ഇൻസെലി ചൊവ്വാഴ്ച ഒപ്പുവച്ചു. മനുഷ്യന്റെ മൃതദേഹം സംസ്കരിക്കുന്നതിനു പകരം ജൈവ വളമാക്കി മാറ്റുന്ന രീതിക്കാണ് ഇതോടെ അംഗീകാരം ലഭിച്ചിരിക്കുകയാണ്. ഈ രീതി അനുസരിച്ച് മരപ്പൊടി, വൈക്കോൽ പോലുള്ള വസ്തുക്കളുടെ കൂടെ മൃതദേഹം ചേര്‍ത്ത് മണ്ണില്‍ ആഴ്ചകളോളം കുഴിച്ചിട്ടാണ് ജൈവവളമാക്കി മാറ്റുന്നത്.

ഹ്യൂമണ്‍ കമ്പോസ്റ്റിംഗ് ചെയ്യപ്പെടുന്നതോടെ ‘മരണശേഷം നമ്മുടെ ശരീരത്തിന് വേറിട്ടൊരു അര്‍ത്ഥവും ഉപയോഗവും ഉണ്ടാകുന്നു’ എന്ന് സിയാറ്റിൽ ആസ്ഥാനമായുള്ള പീപ്പിൾസ് മെമ്മോറിയൽ അസോസിയേഷന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടർ നോര മെൻകിൻ പറഞ്ഞു. മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്നതിന് ആളുകളെ സഹായിക്കുന്ന സംഘടനയാണിത്‌. ഇത്തരത്തിലുള്ള ശവസംസ്കാരം ഒരു പരിസ്ഥിതി സൌഹൃദ ബദലാണെന്ന് ഈ രീതിയെ പിന്തുണക്കുന്നവര്‍ പറയുന്നു.

സാധാരണയായി മൃതദേഹം കത്തിക്കുമ്പോള്‍ കാർബൺ ഡൈ ഓക്സൈഡ് പോലുള്ള മാരക വാതകങ്ങള്‍ വായുവില്‍ കലരും. ചിലര്‍ പരമ്പരാഗതമായി സംസ്കരിക്കുമ്പോള്‍ ഭൂഗര്‍ഭ ജലം മലിനമാകും. ‘നമ്മുടെ വിടവാങ്ങല്‍ ഭൂമിക്കും പരിസ്ഥിതിക്കും ഗുരുതരമായ ഭാരം നല്‍കിയാകരുത്’ എന്ന് സിയാറ്റിലെ ഡെമോക്രാറ്റ് സെനറ്റർ ജാമി പെഡേർസൻ പറഞ്ഞു. ഇദ്ദേഹമാണ് ഇത്തരമൊരു ആശയം ആദ്യമായി സഭയില്‍ ഉന്നയിച്ചത്.

ഹ്യൂമണ്‍ കമ്പോസ്റ്റിംഗ് രീതിയുടെ ആദ്യ പരീക്ഷണം വാഷിങ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നു. പഠനത്തില്‍ സ്വയമേവ ഭാഗമാകാന്‍ വന്ന ആറുപേരുടെ മൃതദേഹമാണ് അതിനായി ഉപയോഗിച്ചത്. ഇതുവരെ മൃതദേഹം ദഹിപ്പിക്കുകയോ കുഴിച്ചിടുകയോ ചെയ്യണമെന്നാണ് നിയമം അനുശാസിച്ചിരുന്നത്. അടുത്ത വര്‍ഷം മേയ് മാസത്തിൽ പ്രാബല്യത്തിൽ വന്നേക്കാവുന്ന പുതിയ നിയമം ഹ്യൂമണ്‍ കമ്പോസ്റ്റിംഗിനും അംഗീകാരം നല്‍കും.

ഹ്യൂമണ്‍ കമ്പോസ്റ്റിംഗ് എന്ന ആശയത്തെ എതിര്‍ക്കുന്ന ആളുകളിൽ നിന്നും രോഷാകുലമായ ഇ-മെയിൽ സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന സെനറ്റർ പറഞ്ഞു. അത്തരക്കാര്‍ ഇതിനെ ലജ്ജാകരവും അറപ്പുളവാക്കുന്നതുമായ ഒരു കാര്യമായാണ് കാണുന്നത്. ഹ്യൂമണ്‍ കമ്പോസ്റ്റിംഗ് രീതിയില്‍ എല്ലാവിധ ബഹുമാനങ്ങളോടെയുമായിരിക്കും മൃതദേഹം കമ്പോസ്റ്റിംഗിന് വിധേയമാക്കുകയെന്നും, ഉറ്റവര്‍ക്കും ഉടയവര്‍ക്കും എപ്പോള്‍ വേണമെങ്കിലും അവിടം സന്ദര്‍ശിക്കാനും സൗകര്യമുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.