ഇ.വി.എമ്മില്‍ നിന്നും മോക്‌പോള്‍ വോട്ടുകള്‍ നീക്കം ചെയ്യാന്‍ മറന്നു; വിവാദമായതോടെ മാറ്റിയത് യഥാര്‍ത്ഥവോട്ടുകള്‍; ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി

single-img
22 May 2019

ഞായറാഴ്ച അവസാന ഘട്ട വോട്ടെടുപ്പ് നടന്ന ഹിമാചല്‍ പ്രദേശിലെ വോട്ടിങ് യന്ത്രത്തില്‍നിന്ന് മോക് പോള്‍ വോട്ടുകള്‍ നീക്കം ചെയ്യാതെ വോട്ടിങ് നടത്തിയ 20 ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്തെ മാണ്ഡി, ഷിംല, ഹമിര്‍പുര്‍ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് ക്രമക്കേട് നടന്നത്.

വിഷയം അന്വേഷിക്കുമെന്നും കുറ്റക്കാരായ അഞ്ച് പ്രിസൈസിങ് ഉദ്യോഗസ്ഥരെയും 15 പോളിങ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്യുമെന്നും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് ദേവേഷ് കുമാര്‍ അറിയിച്ചു.

യഥാര്‍ത്ഥ വോട്ടെടുപ്പ് തുടങ്ങുന്നതിന് ഒരുമണിക്കൂര്‍ മുമ്പാണ് വോട്ടിങ് യന്ത്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാണോ എന്ന് ഉറപ്പുവരുത്താന്‍ അമ്പതോളം വോട്ടര്‍മാരെ നിയോഗിച്ച് മോക്‌പോള്‍ നടത്തേണ്ടത്. പോളിങ് ഏജന്റിന്റെ മുമ്പാകെ നടത്തുന്ന മോക്‌പോള്‍ ഫലങ്ങള്‍ പരസ്യമാക്കേണ്ടതുമാണ്.

എന്നാല്‍ 20 ഉദ്യോഗസ്ഥര്‍ മോക്‌പോള്‍ ഫലങ്ങള്‍ നീക്കം ചെയ്യാന്‍ മറക്കുകയും ഇത് യഥാര്‍ത്ഥ വോട്ടുകള്‍ക്കൊപ്പം ചേര്‍ക്കുകയും ചെയ്തു. പിന്നീട് അബദ്ധം മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ചില വോട്ടുകള്‍ യന്ത്രത്തില്‍നിന്നും നീക്കം ചെയ്യുകയും ചെയ്തു.