അട്ടിമറി നടന്നു ?: വോട്ടിങ് മെഷീന്‍ കുട്ടികള്‍ തലച്ചുമടായി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

single-img
22 May 2019

ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ യാതൊരു സുരക്ഷയുമില്ലാതെ വോട്ടിങ് മെഷീനുകള്‍ കൊണ്ടുപോകുന്നുവെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം ബലപ്പെടുന്ന പുതിയ ദൃശ്യങ്ങള്‍ പുറത്ത്. വോട്ടിങ് മെഷീന്‍ കുട്ടികള്‍ തലച്ചുമടായി കൊണ്ടുപൊകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

സംഭവത്തില്‍ രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമര്‍ശവുമായി രംഗത്തെത്തി. ബിഹാറില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ കൊണ്ടുപോകുന്നത് കുട്ടിക്കളിയായിരിക്കുകയാണ്. പ്രത്യേകിച്ച് യാതൊരു സുരക്ഷാ സംവിധാനങ്ങളുമൊരുക്കാതെ സാധാരണ വാഹനങ്ങളിലാണ് വോട്ടിങ് മെഷീനുകള്‍ കൊണ്ടുപോകുന്നതെന്നും തേജസ്വി യാദവ് ആരോപിക്കുന്നു.

അതേസമയം, വിഷയം ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന നിലപാടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചത്. യഥാര്‍ഥ വോട്ടിങ് മെഷീനുകളല്ലെന്നും റിസര്‍വ് വോട്ടിംങ് മെഷീനുകളാണ് ഇത്തരത്തില്‍ സുരക്ഷയില്ലാതെ മാറ്റുന്നതെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചത്.

വോട്ടിങ് മെഷീനുകള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെല്ലാം ശക്തമായ പ്രതിഷേധങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കിഴക്കന്‍ യുപിയിലെ ദമരിയാഗഞ്ച് സീറ്റിലെ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമിന് പുറത്ത് നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച എസ്പിബിഎസ്പി പ്രവര്‍ത്തകര്‍ വോട്ടിങ് മെഷീനുകള്‍ നിറച്ച മിനി ട്രക്ക് പിടികൂടിയിരുന്നു. ഇത് ആറാം ഘട്ട വോട്ടെടുപ്പിന് വേണ്ടി അധികമായി അനുവദിച്ച വോട്ടിങ് മെഷീനുകളാണെന്നാണ് ഔദ്യോഗിക വിശദീകരണം വന്നത്. ഏഴാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലേക്ക് അയക്കാനുള്ളതായിരുന്നു ഇവയെന്നും വിശദീകരണത്തില്‍ പറഞ്ഞിരുന്നു.

സമാനമായ ആരോപണങ്ങള്‍ ഝാന്‍സി, മൗ, മിര്‍സാപുര്‍ മണ്ഡലങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. പഞ്ചാബിലും ഹരിയാനയിലും പലയിടത്തും തെരഞ്ഞെടുപ്പ് കമ്മിഷനു മുന്നില്‍ പരാതികള്‍ എത്തിയിട്ടുണ്ട്. ബീഹാറിലെ മഹാരാജ്ഗഞ്ച്, സരന്‍ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദള്‍ വോട്ടിങ് മെഷീനുകള്‍ മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം ഉയര്‍ത്തിയിരുന്നു.

https://www.ndtv.com/india-news/general-elections-2019-rjd-leader-tejashwi-yadav-tweets-photo-of-children-carrying-evms-2041193