മൂക്കിലെ ദശയുമായി എത്തിയ കുട്ടിക്ക് ഹെര്‍ണിയ ശസ്ത്രക്രിയ: മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

single-img
22 May 2019

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡു ചെയ്തു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ അന്വേഷണം നടത്താനും ആരോഗ്യമന്ത്രി ഉത്തരവിട്ടു.

കരുവാരകുണ്ട് കേരള എസ്റ്റേറ്റ് സ്വദേശിയായ മുഹമ്മദ് ഡാനിഷ് എന്ന കുട്ടിയാണ് ഡോക്ടറുടെ അനാസ്ഥയ്ക്ക് ഇരയായത്. മൂത്രസഞ്ചിക്കു മീതെ വെള്ളംകെട്ടുന്ന അസുഖവുമായെത്തിയ മറ്റൊരു കുട്ടിയുടെ പേരുമായുള്ള നേരിയ സാമ്യമാണ് അബദ്ധ ശസ്ത്രക്രിയയ്ക്കു കാരണമായതെന്നു പറയുന്നു.

രണ്ടു കുട്ടികളെയും ഒരേ സമയത്താണ് ഓപ്പറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ചത്. മൂക്കിലെ ദശ മാറ്റേണ്ടിയിരുന്ന കുട്ടിയുടെ ശസ്ത്രക്രിയ കഴിഞ്ഞെന്ന വിവരം കിട്ടി പിതാവ് കാണാന്‍ ചെന്നപ്പോള്‍ അടിവയറ്റില്‍ തുന്നിക്കെട്ട് കണ്ടു. ഡോക്ടറോട് വിശദീകരണം തേടിയപ്പോള്‍ ഹെര്‍ണിയ ശ്രദ്ധയില്‍പെട്ടെന്നും അതിനാണ് ശസ്ത്രക്രിയ നടത്തിയതെന്നുമായിരുന്നു മറുപടി.

മൂക്കില്‍ ദശ വളരുന്ന അസുഖത്തിനാണു ശസ്ത്രക്രിയ തേടിയതെന്നു പറഞ്ഞപ്പോള്‍ മയക്കം വിടാത്ത അവസ്ഥയില്‍ വീണ്ടും തിയറ്ററില്‍ കയറ്റി മൂക്കിനുകൂടി ശസ്ത്രക്രിയ നടത്തുകയും ചെയ്തു. കുട്ടിക്ക് ഹെര്‍ണിയ ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്നും അനുവാദം തേടാതെയാണ് ശസ്ത്രക്രിയയെന്നും ആരോപിച്ച് രക്ഷിതാക്കള്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കി.