ദ വയറിനെതിരായ എല്ലാ മാനനഷ്ടക്കേസുകളും അദാനി ഗ്രൂപ്പ് പിൻവലിക്കുന്നു

single-img
22 May 2019

ഓൺലൈൻ മാധ്യമസ്ഥാപനമായ ‘ദ വയറി’നെതിരായ എല്ലാ മാനനഷ്ടക്കേസുകളും പിൻവലിക്കാൻ അദാനി ഗ്രൂപ്പ് തീരുമാനിച്ചു. ദ വയർ പ്രസിദ്ധീകരിച്ച നിരവധി വാർത്തകൾക്കെതിരെ അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികൾ വിവിധ കോടതികളിൽ മാനനഷ്ട കേസുകൾ നൽകിയിരുന്നു. ഇവയാണ് പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ദി വയറിന്റെ എഡിറ്റർമാർക്കെതിരെ സമർപ്പിച്ച മാനനഷ്ട കേസുകളും പിൻവലിക്കാൻ തീരുമാനമായി. മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്ന അദാനി പവർ മഹാരാഷ്ട്ര ലിമിറ്റഡ് രണ്ട് മാനനഷ്ട കേസുകളാണ് സമർപ്പിച്ചത്. അദാനി പെട്രോനെറ്റ് പോർട് ദഹേജ് ലിമിറ്റഡ് ഒരു മാനനഷ്ട ഹർജിയും സമർപ്പിച്ചിരുന്നു. 

വയറിന്റെ മുൻ എഡിറ്റർമാരായ സിദ്ധാർത്ഥ് വരദരാജൻ, എംകെ വേണു എന്നിവർക്കെതിരെയും സിദ്ധാർത്ഥ് ഭാട്ടിയ, മോനോബിന ഗുപ്ത, പമേല ഫിലിപ്പോസ്, നൂർ മുഹമ്മദ് എന്നിവർക്കെതിരെയും മാനനഷ്ട കേസുകൾ സമർപ്പിച്ചിരുന്നു.

ഹർജികൾ പിൻവലിക്കാൻ അദാനി ഗ്രൂപ്പ് തീരുമാനിച്ച കാര്യം ശരിയാണെന്ന് സിദ്ധാർത്ഥ് വരദരാജൻ വ്യക്തമാക്കി. ഈ നടപടിക്രമങ്ങൾ പൂർത്തിയായി കഴിഞ്ഞാൽ ഇതിനോട് പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.