ഐശ്വര്യ റായിയെ അധിക്ഷേപിച്ചുള്ള ട്രോള്‍; പ്രതിഷേധം ശക്തമായതോടെ ഖേദം പ്രകടിപ്പിച്ച് നടന്‍ വിവേക് ഒബ്‌റോയ്

single-img
21 May 2019

ലോക്‌സഭാ എക്‌സിറ്റ് പോള്‍ ഫലങ്ങളെ ഐശ്വര്യ റായി ബച്ചന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തി ട്വിറ്ററില്‍ ട്രോള്‍ പങ്കുവച്ച വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ്. ബോളിവുഡില്‍നിന്ന് ഉള്‍പ്പെടെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഖേദപ്രകടനം. ദേശീയ വനിതാ കമ്മീഷനും വിവേക് ഒബ്‌റോയിക്ക് നോട്ടീസ് നല്‍കിയിരുന്നു.

നേരത്തെ വിവാദത്തില്‍ ഖേദം പ്രകടിപ്പിക്കില്ലെന്നാണ് താരം പറഞ്ഞിരുന്നത്. ‘തന്നോട് മാപ്പു പറയാനാണ് എല്ലാവരും ആവശ്യപ്പെടുന്നത്. എന്നാല്‍ തെറ്റ് ചെയ്തിട്ടുണ്ടെന്നു എനിക്ക് തോന്നുന്നില്ല. തെറ്റ് ചെയ്യാത്തതിനാല്‍ മാപ്പ് പറയേണ്ടതില്ലെന്നും’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഏറെ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് വിവേക് ഒബ്‌റോയി തന്റെ ഔദ്വോഗിക ട്വിറ്റര്‍ പേജില്‍ ട്രോള്‍ പങ്കുവച്ചത്. അഭിപ്രായ സര്‍വെ, എക്‌സിറ്റ് പോള്‍, തിരഞ്ഞെടുപ്പ് ഫലം ഇവ മൂന്നും തമ്മിലുള്ള അന്തരത്തെക്കുറിച്ച് പവന്‍ സിംഗ് എന്നൊരാള്‍ പങ്കുവച്ച മീം ആണ് വിവേക് ട്വിറ്ററില്‍ പങ്കുവച്ചിരുന്നത്.

മുന്‍ കാമുകിയായിരുന്ന ഐശ്വര്യ റായ്, സല്‍മാന്‍ ഖാന്‍, അഭിഷേക് ബച്ചന്‍, ആരാധ്യ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം വിവേക് ഒബ്‌റോയിയുടെയും ചിത്രങ്ങള്‍ വച്ചുള്ള മീം ഉപയോഗിച്ചായിരുന്നു ട്രോള്‍. ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്ന ട്വീറ്റിന് വലിയ രീതിയിലുള്ള പ്രതിഷേധം ട്വീറ്ററില്‍ ഉയര്‍ന്നിരുന്നു.

സന്തോഷകരമായൊരു ദാമ്പത്യജീവിതം ജീവിക്കുന്ന സ്ത്രീയെ അപമാനിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ തോന്നി, വിവേകെന്നല്ല അവിവേക് എന്നാവണമായിരുന്നു താങ്കളുടെ പേര് എന്നിങ്ങനെ രൂക്ഷ വിമര്‍ശനങ്ങളാണ് ട്വിറ്റര്‍ പോസ്റ്റിന് ലഭിച്ചത്.