അരുണാചലില്‍ തീവ്രവാദി ആക്രമണം; എംഎല്‍എ ഉൾപ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു

single-img
21 May 2019

അരുണാചലില്‍ എന്‍എസ് സിഎന്‍ (ഐഎം) തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ എംഎല്‍എയും മകനും ഉൾപ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു. അരുണാചലിലെ ടിരാപ് ജില്ലയിലുണ്ടായ ആക്രമണത്തിൽ കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) എംഎല്‍എയായ ടിരോങ് അബോയാണ് കൊല്ലപ്പെട്ടത്.

ഇദ്ദേഹത്തിന് മുൻപേ തന്നെ ഇതേ സംഘടനയുടെ വധഭീഷണി ലഭിച്ചിരുന്നതായി പോലീസ് അറിയിച്ചു.
അരുണാചലിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി കൂടിയാണ് അബോ.ആസാമിൽ നിന്നും വാഹന വ്യൂഹവുമായി തിരികെവരുന്ന വഴിയായിരുന്നു അബോയ്ക്കു നേരെയുള്ള ആക്രമണം.

ആക്രമണ സമയത്തിൽ മൂന്നു കാറുകളായിരുന്നു അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നത്. ഇതിൽ ഒരു കാര്‍ ഓടിച്ചിരുന്നത് അബോയുടെ മകനാണ്. ആക്രമണത്തിന് തുടർന്ന് പ്രദേശത്ത് ആസ്സാം റൈഫിള്‍സ് തിരച്ചില്‍ ഈര്‍ജിതമാക്കി. സംസ്ഥാന മുഖ്യമന്ത്രി പെമാ ഖണ്ഡു ആക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. തീവ്രവാദി ആക്രമണത്തെ അപലപിക്കുന്നതായി മേഘാലയ മുഖ്യമന്ത്രിയും എന്‍പിപി നേതാവുമായ കോണ്‍റാഡ് സാങ്മ ട്വീറ്റ് ചെയ്തു.

അരുണാചലിൽ ആക്രമണം നടത്തിയവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനോടും ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയായി ശക്തമായ നടപടിയെടുക്കുമെന്ന് രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. രാജ്യത്തെ വടക്കുകിഴക്കന്‍ മേഖലയിലെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു.