സെെന്യം ആദ്യമായി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത് മോദിയുടെ ഭരണകാലത്ത്; കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി സെെനിക മേധാവിയുടെ വെളിപ്പെടുത്തൽ

single-img
21 May 2019

ബലാക്കോട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി നോര്‍ത്തേണ്‍ ആര്‍മി കമാന്റ് ചീഫ് ലെഫ്‌നന്റ് ജനറല്‍ രണ്‍ബീര്‍ സിംഗ്. ഇന്ത്യ ആദ്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത് നരേന്ദ്രമോദിയുടെ കാലത്തായിരുന്നെന്ന വെളിപ്പെടുത്തലുമായാണ് അദ്ദേഹം എത്തിയത്.

അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ അറ്റാക്ക് ഇന്ത്യ ആദ്യമായി നടത്തിയത് 2016 സെപ്തംബറിലാണെന്നു അദ്ദേഹം പറഞ്ഞു. 19 സൈനികരെ കൊലപ്പെടുത്തിയ 2016 ല്‍ നടന്ന ഉറി ആക്രമണത്തിന് തൊട്ടുപിന്നാലെ നല്‍കിയ തിരിച്ചടിയുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുമ്പും പിമ്പുമായി പല തവണ ബിജെപി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആറ് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു കോൺഗ്രസ് മറുപടി പറഞ്ഞത്.

ഇതിനെ തള്ളിക്കളയുന്നതാണ് രണ്‍ബീര്‍ സിംഗിന്റെ പ്രസ്താവന. പുല്‍വാമ ആക്രമണത്തിന് തൊട്ടുപിന്നാലെ ഫെബ്രുവരി 26 ന് വ്യോമസേന പാകിസ്താനിലെ ബലാക്കോട്ടേയില്‍ ജെയ്‌ഷെ മുഹമ്മദ് ക്യാമ്പിന് മേല്‍ നല്‍കിയ മറുപടിയില്‍ രണ്‍ബീര്‍ സിംഗ് ഭാഗഭാക്കായിരുന്നു. ” നമ്മുടെ വിമാനങ്ങള്‍ അവരുടെ പ്രദേശങ്ങളുടെ ഉള്ളിലേക്ക് കടന്ന് ആക്രമണം നടത്തി. നമ്മുടെ പ്രതിരോധവും ആക്രമണവും സൈനീക തന്ത്രവും എല്ലായ്‌പ്പോഴും വ്യക്തമായിരുന്നു. പാകിസ്താനില്‍ നിന്നും എന്തുതരം പ്രകോപനം ഉണ്ടായാലും തക്കതായ മറുപടി അപ്പോള്‍ നല്‍കുമായിരുന്നു.” അദ്ദേഹം പറഞ്ഞിരുന്നു.