Kerala

മന്ത്രി തോമസ് ഐസക്കിനെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശ്രീധരൻ പിള്ളയുടെ വക്കീൽ നോട്ടീസ്

സംസ്ഥാന ധനമന്ത്രി തോമസ് ഐസക് വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ച് പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള നിയമനടപടിക്ക് നോട്ടീസയച്ചു. കേരളത്തിന്റെ ദേശീയപാത വികസനം അട്ടിമറിക്കുന്നത് ശ്രീധരൻ പിള്ളയാണെന്ന് കുറ്റപ്പെടുത്തുന്ന ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് നടപടി.

പരാതിക്ക് ആസ്പദമായ പോസ്റ്റ് പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്ന് ശ്രീധരൻ പിള്ള നോട്ടീസിൽ ആവശ്യപ്പെട്ടു. നഷ്ടപരിഹാരമായി ലഭിക്കുന്ന തുക ശബരിമല വിഷയത്തിൽ വേട്ടയാടപ്പെട്ടവരുടെ സംരക്ഷണത്തിന് നൽകുമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ധനമന്ത്രിക്ക് പുറമേ തനിക്കെതിരെ വ്യക്തിഹത്യ നടത്തിയ വിവിധ വ്യക്തികൾക്കെതിരെ 11 മാനനഷ്ട കേസുകൾ നൽകുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കെതിരായി നടത്തിയ പരാമർശത്തിനെതിരെ നിയമനടപടിക്ക് ഇല്ലെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ തനിക്കെതിരായ പരാമർശത്തിൽ വ്യക്തിപരമായ ആക്ഷേപമില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.