രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും: ഇത്തവണ എന്‍.ഡി.എ വരില്ല: പ്രവചനം തെറ്റിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് സ്വാമി

single-img
21 May 2019

തെരഞ്ഞെടുപ്പ് ഫല പ്രവചനം നടത്തുന്നത് വാര്‍ത്ത നല്‍കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സല്‍ക്കാരം വാഗ്ധാനം ചെയ്ത ഇരങ്ങാലക്കുട സ്വദേശി സജീവന്‍ സ്വാമി തിരുവനന്തപുരത്തെത്തി പ്രവചനം നടത്തി. യുപിഎ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നുമാണ് പ്രവചനം.

23 ന് ഫലം പുറത്തു വരുമ്പോള്‍ തന്റെ പ്രവചനം തെറ്റുകയാണെങ്കില്‍ മേയ് 31ന് മുന്‍പ് ഗംഗയില്‍ ചാടി ജീവത്യാഗം ചെയ്യുമെന്നും സജീവന്‍ സ്വാമി ശപഥം ചെയ്തു. എന്‍.ഡി.എയെ തളളി യു.പി എയാണ് ഇത്തവണ അധികാരത്തില്‍ വരികയെന്ന് പറഞ്ഞ സജീവന്‍ സഖ്യകക്ഷികളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസ് ആകുമെന്നും പ്രവചിച്ചിട്ടുണ്ട്.

യു.പി.എ സഖ്യകക്ഷികളുടെ ഇടയിലുളള തര്‍ക്കം അവസാനിപ്പിച്ച് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്നും ഇയാള്‍ പറയുന്നുണ്ട്. ഇതിന് മുന്‍പ് രാജീവ് ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രി ആകുമെന്ന് താന്‍ പറഞ്ഞത് സത്യമായി വന്നുവെന്നും ഇയാള്‍ അവകാശപ്പെടുന്നു.

അതേസമയം, തിരുവനന്തപുരം പ്രസ് ക്ലബില്‍വെച്ചായിരുന്നു സ്വാമി പ്രവചനം നടത്താനിരുന്നത്. എന്നാല്‍ പ്രസ് ക്ലബ് വാര്‍ത്ത സമ്മേളനം റദ്ദ് ചെയ്തു. വാര്‍ത്ത നല്‍കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മദ്യം ഉള്‍പ്പെടെ സല്‍ക്കാരത്തിന് ക്ഷണിച്ചുള്ള സ്വാമിയുടെ കത്ത് പരസ്യമായതോടെ എക്‌സൈസ് അധികൃതര്‍ സ്വാമിയുടെ പാര്‍ട്ടി വിലക്കിയിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി വമ്പന്‍ സല്‍ക്കാരമായിരുന്നു ജ്യോതിഷി തീരുമാനിച്ചിരുന്നത്. മട്ടന്‍ ഫ്രൈ, ചിക്കന്‍ ഫ്രൈ, ബീഫ് ഫ്രൈ, ചിക്കന്‍, മട്ടണ്‍, ബീഫ് ബിരിയാണി, ചിക്കന്‍ കുഴിമന്തി ഉള്‍പ്പെടെ ഫുഡ് മെനുവില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ കൂടെ ജോണിവാക്കറും ബിയറും ഉള്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ എക്‌സൈസ് വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വിവരം ആരാഞ്ഞ് എക്‌സൈസ് സജീവനെ വിളിക്കുകയും പുറത്തു നിന്നുള്ള മദ്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തൊട്ടുപിന്നാലെ സല്‍ക്കാരം നടത്താന്‍ ഉദ്ദേശിച്ചിരുന്ന പങ്കജ് ഹോട്ടലിലേക്ക് വിളിച്ച് മദ്യം ഒഴിവാക്കാന്‍ സജീവന്‍ സ്വാമി ആവശ്യപ്പെടുകയായിരുന്നു. അതേസമയം, തന്റെ അറിവേടെയായിരുന്നില്ല നോട്ടീസ് അച്ചടിച്ചതെന്നായിരുന്നു സജീവന്റെ വിശദീകരണം.