Kerala

ബിജെപിക്ക് കിട്ടുമായിരുന്ന വോട്ടുകൾ യുഡിഎഫിന് പോയിരിക്കാം എന്ന് പറഞ്ഞിട്ടില്ല; നിലപാട് മാറ്റി പിഎസ് ശ്രീധരന്‍ പിള്ള

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകൾ കോൺഗ്രസിന് പോയിരിക്കാം എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. നെഗറ്റിവ് വോട്ടുകൾ കോൺ ഗ്രസിന് പോയി എന്ന് കഴി‌ഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പരാമർശത്തിന് ഇന്ന് തിരുവനന്തപുരത്ത് വിളിച്ച വാർത്താ സമ്മേളനത്തിൽ വിശദീകരണം നൽകുകയായിരുന്നു ശ്രീധരൻ പിള്ള.

വോട്ട് ചെയ്താലും ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത കാരണം ബിജെപിക്ക് കിട്ടുമായിരുന്ന വോട്ടുകൾ യുഡിഎഫിന് പോയിരിക്കാം എന്നായിരുന്നു ശ്രീധരൻ പിള്ളയുടെ കഴിഞ്ഞ ദിവസത്തെ പരാമർശം. യുഡിഎഫ് നടത്തുന്ന കുപ്രചരണങ്ങൾ കാരണമാണ് ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകൾ യുഡിഎഫിലേക്ക് പോകാൻ കാരണമായതെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. ശബരിമല വിഷയത്തെയും യുഡിഎഫ് ബിജെപിക്കെതിരായാണ് ഉപയോഗിച്ചതെന്നും ശ്രീധരൻ പിള്ള കുറ്റപ്പെടുത്തിയിരുന്നു.

സർവേകളിൽ തിരുവനന്തപുരം ഒഴിച്ച് നിര്‍ത്തിയാൽ ബിജെപിക്ക് പറയത്തക്ക സാധ്യത കൽപ്പിക്കാത്ത എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപി ക്യാമ്പിൽ വലിയ നിരാശയാണ് ഉണ്ടാക്കിയിട്ടുള്ളത്. അതിനാൽ തന്നെ എക്സിറ്റ് പോളുകൾ വിശ്വാസത്തിലെടുക്കുന്നില്ലെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.