എക്‌സിറ്റ്‌പോളുകൾ പലതും പറയും; അതുകേട്ട് തളരരുത്: പ്രവർത്തകരോട് പ്രിയങ്കാ ഗാന്ധി

single-img
21 May 2019

എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ കണ്ട് തളരരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉന്മേഷം കെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് അവയെന്നും ജാഗ്രത കൈവിടാതെ വോട്ടിംഗ് മെഷീന്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോംഗ് റൂമുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സുരക്ഷ ഉറപ്പാക്കണമെന്നും അവർ വ്യക്തമാക്കി.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ള റെക്കോര്‍ഡഡ് ഓഡിയോ മെസേജ് വഴിയാണ് പ്രിയങ്ക സന്ദേശം പങ്കുവച്ചത്. എക്‌സിറ്റ് പോളിനും മറ്റ് അപവാദപ്രചരണങ്ങള്‍ക്കും ഇരയാകാന്‍ നില്‍ക്കരുതെന്നും അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉന്മേഷം കെടുത്താന്‍ പ്രചരിപ്പിക്കുന്നതാണെന്നുമാണ് സന്ദേശത്തിലെ പ്രിയങ്കയുടെ വാക്കുകള്‍.

“എക്‌സിറ്റ് പോളും അപവാദപ്രചരണങ്ങളും കേട്ട് തളരരുത്. അവ നിങ്ങളുടെ ഉന്മേഷം കെടുത്താന്‍ സൃഷ്ടിച്ചിട്ടുള്ളതാണ്. ഇതെല്ലാം കൊണ്ടുതന്നെ നിങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്നത് കൂടുതല്‍ പ്രധാനപ്പെട്ടതാകുന്നു. സ്‌ട്രോംഗ് റൂമുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ജാഗ്രതയോടെ തുടരണം. ഞങ്ങളുടെയും നിങ്ങളുടെയും കഠിനാധ്വാനം ഫലം നേടുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്”,  പ്രിയങ്ക പറഞ്ഞു.