ഒമാനില്‍ ഒഴുക്കില്‍പ്പെട്ട ആറംഗ പ്രവാസി കുടുംബത്തെ കണ്ടെത്താനായില്ല

single-img
21 May 2019

ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ തിങ്കളാഴ്ചയും കനത്ത മഴ. ഞായറാഴ്ചയും തിങ്കളാഴ്ചയും പെയ്ത കനത്ത മഴയില്‍ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും ശക്തമായ മഴവെള്ളപ്പാച്ചിലുമുണ്ടായി. വാദി ബനീ ഖാലിദില്‍ ശനിയാഴ്ച വൈകീട്ട് ഒഴുക്കില്‍ പെട്ട് കാണാതായ ആറംഗ ഇന്ത്യന്‍ കുടുംബത്തെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല.

വിവിധ സുരക്ഷാ വിഭാഗങ്ങള്‍ സന്നദ്ധ സേവകരുടെ കൂടി സഹായത്തോടെ വാദി ബനീ ഖാലിദിലും പരിസരങ്ങളിലും തെരച്ചില്‍ നടത്തിവരികയാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പ്രദേശത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. ഹൈദരബാദ് സ്വദേശിയായ സര്‍ദാര്‍ ഫസല്‍ അഹ്മദിന്റെ കുടുംബമാണ് അപകടത്തില്‍ പെട്ടത്.

വാഹനത്തില്‍ നിന്നും പുറത്തേക്കു ചാടിയ ഫസല്‍ അഹ്മദ് സമീപത്തെ മരത്തില്‍ പിടിച്ച് രക്ഷപ്പെട്ടിരുന്നു. ഭാര്യ: അര്‍ശി, പിതാവ് ഖാന്‍, മാതാവ് ശബാന, മകള്‍ സിദ്‌റ (നാല്), മകന്‍ സൈദ് (രണ്ട്), 28 ദിവസം മാത്രം പ്രായമുള്ള മകന്‍ നൂഹ് എന്നിവരെയാണ് കാണാതായത്. വിനോദ സഞ്ചാര കേന്ദ്രമായ വാദി ബനീ ഖാലിദ് സന്ദര്‍ശിച്ച് മടങ്ങിവരുന്ന വഴിയാണ് ഇവരെ കാണാതായത്.

തിങ്കളാഴ്ച ഉച്ചക്കു ശേഷം ദാഖിലിയ, ബാത്തിന, ശര്‍ഖിയ ഗവര്‍ണറേറ്റുകളുടെ ഭാഗങ്ങളിലാണ് കനത്ത മഴ പെയ്തത്. സമാഈല്‍, മുദൈബി, സിനാവ് അടക്കം സ്ഥലങ്ങളിലെ വാദികളിലടക്കം മഴയെ തുടര്‍ന്ന് അപകടകരമായ വിധത്തില്‍ വെള്ളമുയര്‍ന്നു.

ഇതേത്തുടര്‍ന്ന് പല പ്രധാന റോഡുകളിലും ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചു. റൂവിയടക്കം മസ്‌കത്തിന്റെ വിവിധ മേഖലകളില്‍ സന്ധ്യയോടെ ചാറ്റല്‍ മഴ പെയ്തു. സമാഈലിലെ വാദി ഔക്കില്‍ കാര്‍ ഒഴുക്കില്‍ പെട്ടു. ഈ കാറിനകത്ത് ആളുകള്‍ ഉള്ളതായി പറയപ്പെടുന്നു. ഇവരെക്കുറിച്ച വിവരങ്ങള്‍ ലഭ്യമല്ല.

ജഅ്‌ലാനില്‍ ബനീ ബുആലിയില്‍ മൂന്ന് വാഹനങ്ങള്‍ ഒഴുക്കില്‍ പെട്ടു. ഈ വാഹനങ്ങളില്‍ ഉള്ളവരെ രക്ഷപ്പെടുത്താന്‍ സിവില്‍ ഡിഫന്‍സ് രാത്രിയും ശ്രമം തുടരുകയാണ്. അല്‍ ഖൂദ് വാദിയും അണക്കെട്ടും കരകവിഞ്ഞ് ഒഴുകാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ മാറിത്താമസിക്കണമെന്ന് ആര്‍.ഒ.പി തിങ്കളാഴ്ച വൈകീട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഞായറാഴ്ച ദാഹിറ ഗവര്‍ണറേറ്റിലെ യന്‍കലിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്. 41 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്.