മലേഗാവ് സ്ഫോടനക്കേസ്: പ്രജ്ഞാ ഠാക്കൂറിനെ കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കി

single-img
21 May 2019
പ്രജ്ഞാ സിംഗ് ഠാക്കൂർ മലേഗാവ്

മലേഗാവ് സ്ഫോടനക്കേസിലെ പ്രതികളായ പ്രജ്ഞാ സിംഗ് ഠാക്കൂർ, സുധാകർ ചതുർവേദി, ലെഫ്റ്റ. കേണൽ പ്രസാദ് പുരോഹിത് എന്നിവരെ ഈയാഴ്ച ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കി കോടതി. മുംബൈയിലെ പ്രത്യേക കോടതിയാണ് ഇവരെ ഒഴിവാക്കിയത്.

ലോകസഭാ തെരെഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തിരക്കിലാണെന്ന കാരണം പറഞ്ഞാണ് പ്രജ്ഞാ ഠാക്കൂറും സുധാകർ ചതുർവേദിയും കോടതിയിൽ അവധിയ്ക്ക് അപേക്ഷ നൽകിയത്. ഭോപ്പാലിൽ നിന്നുള്ള ബിജെപിയുടെ സ്ഥാനാർത്ഥിയാണ് പ്രജ്ഞാ സിങ്. മിർസാപ്പൂരിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് സുധാകർ ചതുർവേദി മത്സരിക്കുന്നത്. പുരോഹിത് വ്യക്തിപരമായ കാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്നാണ് പറഞ്ഞത്.

പ്രത്യേക എൻഐഎ കോടതിയ്ക്ക് മുന്നിൽ തിങ്കളാഴ്ചയാണ് പ്രതികൾ അപേക്ഷ സമർപ്പിച്ചത്. താൻ സ്ഥാനാർത്ഥിയായതിനാൽ വോട്ടെണ്ണലിനു കൌണ്ടിംഗ് ഏജന്റുമാരെയും മറ്റും നിയമിക്കുന്നതുമായി ബന്ധപ്പെട്ട തിരക്കുകൾ ഉണ്ടെന്നും അതിനാൽ മേയ് 23 വരെ ഹാജരാകാൻ കഴിയില്ലെന്നും കാണിച്ച് തന്റെ അഭിഭാഷകരായ ജെപി മിശ്ര, പ്രശാന്ത് മഗ്ഗു എന്നിവർ വഴിയാണ് പ്രജ്ഞാ ഠാക്കൂർ അപേക്ഷ നൽകിയത്.

മലേഗാവ് സ്ഫോടനം നടന്ന സ്ഥലം സന്ദർശിക്കാനനുവദിക്കണമെന്നും അതിനുവേണ്ട സുരക്ഷ ഒരുക്കണമെന്നുമുള്ള പ്രതികളുടെ അഭിഭാഷകരുടെ ആവശ്യവും കോടതി അംഗീകരിച്ചിരുന്നു.