Movies

താരരാജാവിന് ഇന്ന് 59ാം പിറന്നാള്‍; ആഘോഷമാക്കി ആരാധകര്‍

മലയാള സിനിമയില്‍ കോടികളുടെ കിലുക്കം സമ്മാനിച്ച താരരാജാവിന് ഇന്ന് 59ാം പിറന്നാള്‍. നാലുപതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനിടെ ബോക്‌സോഫീസില്‍ റെക്കോഡുകളുടെ പുതുചരിത്രം കുറിച്ചുകൊണ്ടുള്ള ലാലിന്റെ ജൈത്രയാത്ര തുടരുകയാണ്.

ദൃശ്യം, ഒപ്പം, പുലിമുരുകന്‍ ഇപ്പോള്‍ ഇതാ ലൂസിഫറും ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിക്കുന്നതിനിടെയാണ് പ്രിയ താരത്തിന്റെ പിറന്നാളെത്തുന്നത്. ലൂസിഫറിന്റെ വിജയാഘോഷത്തിനിടെ എത്തുന്ന ഈ പിറന്നാള്‍ വന്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍. നിരവധി താരങ്ങള്‍ അദ്ദേഹത്തിന് ആശംസകളുമായി എത്തി.

രാത്രി പന്ത്രണ്ടുമണി പിന്നിട്ടപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ ആശംസകള്‍ എത്തിത്തുടങ്ങി. മെഗാതാരം മമ്മൂട്ടി തന്റെ പ്രിയസഹതാരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. മഞ്ജു വാര്യരും പൃഥ്വിരാജുമടക്കമുള്ളവര്‍ മോഹന്‍ലാലിന് ആശംസകളുമായെത്തിയിരുന്നു. സോഷ്യല്‍ മീഡിയ മുഴുവന്‍ ലാലേട്ടനുള്ള പിറന്നാള്‍ ആശംസകളാണ്.

എല്ലാത്തിനും നന്ദി കുറിച്ചുകൊണ്ടായിരുന്നു പൃഥ്വിയുടെ ആശംസ. ‘താങ്ക്യൂ ഫോര്‍ ലൂസിഫര്‍, താങ്ക്യൂ ഫോര്‍ സ്റ്റീഫന്‍, താങ്ക്യൂ ഫോര്‍ കെഎ, നിങ്ങള്‍ എന്താണോ അതുതന്നെ ആയിരിക്കുന്നതിന് നന്ദി. ഹാപ്പി ബര്‍ത്ത്‌ഡേ ചേട്ടാ’, പൃഥ്വിരാജ് കുറിച്ചു. ലാലേട്ടന് ആരോഗ്യവും സന്തോഷവും നേര്‍ന്നുകൊണ്ടായിരുന്നു നിവിന്‍ പോളിയുടെ ആശംസ.

ഓര്‍മ്മകള്‍ക്ക് നന്ദികുറിക്കാനും നിവിന്‍ മറന്നില്ല. നടന്‍മാരായ കുഞ്ചാക്കോ ബോബന്‍, അജു വര്‍ഗ്ഗീസ്, ഉണ്ണി മുകുന്ദന്‍, രമേഷ് പിഷാരടി തുടങ്ങിയവരും നടിമാരായ രചന നാരായണന്‍കുട്ടി, അതിഥി രവി, പ്രിയ വാര്യര്‍ എന്നിവരും ലാലേട്ടന് സ്‌നേഹപൂര്‍വ്വം ആശംസകള്‍ കുറിച്ചുകഴിഞ്ഞു. യുവനടി സാനിയ അയ്യപ്പനും ലാലേട്ടന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ഈ ഇതിഹാസത്തെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്ന് കുറിച്ചുകൊണ്ടായിരുന്നു ഉണ്ണി മുകുന്ദന്റെ ആശംസ.

അതേസമയം, ഫാന്‍സ് അസോസിയേഷനുകള്‍ വ്യത്യസ്തമായ രീതിയിലാണ് പിറന്നാള്‍ ആഘോഷിക്കുന്നത്. രകതദാനം നടത്തിയും മറ്റുമാണ് ചില ഫാന്‍സ് അസോസിയേഷനുകള്‍ താരരാജാവിന്റെ പിറന്നാള്‍ ആഘോഷിച്ചത്. കുവൈറ്റിലെ മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ & വെല്‍ഫെയര്‍ അസോസിയേഷന്‍, മോഹന്‍ലാല്‍ ബ്ലഡ് ഡോണേഴ്‌സ് എന്ന ടീം രൂപീകരിച്ചാണ് താരത്തിന്റെ ജന്മദിനാഘോഷം വ്യത്യസ്തമാക്കിയത്.

‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ലൂടെ മലയാള സിനിമാലോകത്തിലേക്കെത്തിയ ലാല്‍ പിന്നീട് സിനിമ ലോകം തന്നെ കീഴടക്കുന്ന താരരാജാവായി വളരുകയായിരുന്നു. 1980’90 ദശകങ്ങളിലെ ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹന്‍ലാല്‍ ശ്രദ്ധേയനായി മാറിയത്. വില്ലനായി വന്ന് മലയാളി പ്രേക്ഷരുടെ മനസ്സില്‍ നായകനായ അപൂര്‍വം നടന്‍മാരില്‍ ഒരാള്‍ കൂടിയാണ് മോഹന്‍ലാല്‍.

പത്തനംതിട്ടയിലെ ഇലന്തൂരില്‍ വിശ്വനാഥന്‍ നായരുടേയും ശാന്താകുമാരിയുടേയും മകനായി 1960 മെയ് 21നാണ് മോഹന്‍ലാലിന്റെ ജനനം. 1978ല്‍ പുറത്തിറങ്ങിയ ‘തിരനോട്ടം’ എന്ന സിനിമയാണ് മോഹന്‍ലാല്‍ എന്ന മലയാളികളുടെ അഭിമാനമായ താരത്തിന്റെ വെള്ളിത്തിരയിലേക്കുള്ള ആദ്യ സിനിമയായി പറയുന്നത്.

രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം ഈ പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001 ല്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി ഭാരത സര്‍ക്കാറും ഈ താരപ്രതിഭയെ ആദരിച്ചു.

2009ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവിയും നല്‍കി. 50 കോടിയും 100 കോടിയും 200 കോടിയും ബോക്‌സോഫീസ് ഹിറ്റുകള്‍ സ്വന്തമാക്കിയ നടന്‍ മലയാള സിനിമയില്‍ നാലുപതിറ്റാണ്ടായി തന്റെ അഭിനയജീവിതത്തിലെ ജൈത്രയാത്ര തുടരുകയാണ്.