കെസി വേണുഗോപാൽ കോമാളി; എക്‌സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ പൊട്ടിത്തെറിച്ച് ബിജെപിയിലേക്ക് പോകുവാൻ തയ്യാറെടുത്ത് കർണ്ണാടകയിലെ കോൺഗ്രസ് നേതാവ്

single-img
21 May 2019

സീറ്റുവിഭജനത്തില്‍ മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുളള ന്യൂനപക്ഷങ്ങളെ നേതൃത്വം അവഗണിച്ചു എന്ന് ചൂണ്ടിക്കാട്ടി എക്‌സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബെയ്ഗാണ് ആ:രോപണവുമായി രംഗത്തെത്തിയത്. അവഗണനയിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിടുമെന്ന സൂചനയും റോഷന്‍ ബെയ്ഗ് നല്‍കി.

സിദ്ധരാമയ്യ, കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുളള നേതൃത്വത്തിനെ കടുത്ത ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. തെരഞ്ഞെടുപ്പ് ഫലം എന്‍ഡിഎയ്ക്ക് അനുകൂലമായാല്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ മുസ്ലീം സമുദായത്തോട് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ഒരു ആവശ്യം വന്നാല്‍ മുസ്ലീം സമുദായം അങ്ങനെ തന്നെ ചെയ്യണം. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം. മുസ്ലീം സമുദായത്തില്‍ നിന്നുളള ഒരാള്‍ക്ക് മാത്രമാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ സീറ്റ് നല്‍കിയതെന്നും ബെയ്ഗ് കുറ്റപ്പെടുത്തി.

നിലവിലെ സാഹചര്യങ്ങള്‍ക്ക് സിദ്ധരാമയ്യയും കെപിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമാണ് ഉത്തരവാദികള്‍. കെ സി വേണുഗോപാല്‍ ബഫൂണാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തനിക്ക് ദുഃഖമുണ്ടെന്നും ബെയ്ഗ് പറഞ്ഞു.

ഞങ്ങള്‍ മുസ്ലീങ്ങള്‍ക്ക് അപമാനഭാരത്തോടെ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയുകയില്ല. അതുകൊണ്ടു തന്നെ സാഹചര്യം വന്നാല്‍ പാര്‍ട്ടി വിടും. അഭിമാനത്തോടെ ജീവിക്കാനാണ് ആഗ്രഹം. ആദരവ് കിട്ടിയില്ലെങ്കില്‍ അവിടെ തുടരുന്നതില്‍ അര്‍ത്ഥമില്ല- അദ്ദേഹം പറഞ്ഞു.