പാക് ഡ്രോണാണെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു; കശ്മീരില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വ്യോമസേനാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത് വ്യോമസേനയുടെ വെടിവെയ്പിലെന്ന് റിപ്പോര്‍ട്ട്

single-img
21 May 2019

ഫെബ്രുവരിയില്‍ റഷ്യന്‍ നിര്‍മിത ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഇന്ത്യന്‍ വ്യോമസേനയുടെ തന്നെ പിഴവെന്നു സൂചന. വ്യോമസേന നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് വ്യോമസേനയുടെതന്നെ എംഐ17 ട്രാന്‍സ്‌പോര്‍ട്ട് ഹെലികോപ്റ്റര്‍ ജമ്മു കാഷ്മീരിലെ ബുദ്ഗാമില്‍ തകര്‍ന്നു വീണതെന്നാണു റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ശ്രീനഗര്‍ എയര്‍ബേസിലെ എയര്‍ ഓഫീസര്‍ കമാന്‍ഡിംഗിനെ മാറ്റി. സംഭവം നടക്കുമ്പോള്‍ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് കമാന്‍ഡിംഗ് എയര്‍ ഓഫീസറെ നീക്കിയത്. വിമാനങ്ങളെ തിരിച്ചറിയുന്നതിനായുള്ള ഐഎഫ്എഫ് സംവിധാനം പ്രോട്ടോക്കോളിന് വിരുദ്ധമായി ഹെലികോപ്റ്ററിനുള്ളില്‍ ഓഫ് ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

പാക് ഡ്രോണാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു വെടിവയ്പ്പ്. നടപടിക്രമം പാലിക്കാത്തതിനാണ് വ്യോമസേന നടപടിയെടുത്തത്. കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടികളും തുടങ്ങുമെന്നാണ് വിവരം. ഫെബ്രുവരി 27 നാണ് എംഐ17 ഹെലികോപ്റ്റര്‍ ശ്രീനഗറിന് സമീപമുള്ള ബദ്ഗാമില്‍ തകര്‍ന്ന് വീണത്.

കോപറ്ററിലുണ്ടായിരുന്ന 6 പേരും ഒരു ഗ്രാമവാസിയുമാണ് അപകടത്തില്‍ മരിച്ചത്. നൗഷേര മേഖലയില്‍ പാക് ഫൈറ്റര്‍ ജെറ്റുകളുമായി വായുസേന ഏറ്റുമുട്ടല്‍ നടക്കുന്നതിന് ഇടയിലായിരുന്നു ബദ്ഗാമില്‍ കോപറ്റര്‍ തകര്‍ന്നു വീണത്.

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. അപകടത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വ്യോമസേനയുടെ വീഴ്ച കണ്ടെത്തിയത്. അഭിനന്ദന്‍ വര്‍ധമാന്റെ യുദ്ധ വിമാനം പാകിസ്ഥാനില്‍ തകര്‍ന്നു വീണ സമയത്തായിരുന്നു ബദ്ഗാമില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 7 പേര്‍ മരിച്ചത്.