ഇന്ത്യ ആക്രമിച്ചേക്കുമെന്ന് ഭയം: അമേരിക്കന്‍ നിര്‍മിത പോര്‍വിമാനങ്ങളെല്ലാം അതിര്‍ത്തിയില്‍ നിന്ന് മാറ്റി പാക്കിസ്ഥാന്‍

single-img
21 May 2019

ഇന്ത്യയുടെ ആക്രമണം ഭയന്ന് അമേരിക്കന്‍ നിര്‍മിത പോര്‍വിമാനങ്ങളെല്ലാം അതിര്‍ത്തിയില്‍ നിന്ന് പാക്കിസ്ഥാന്‍ മാറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇനിയൊരു ആക്രമണത്തില്‍ എഫ്16 പോര്‍വിമാനങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് പാക്ക് വ്യോമസേനയുടെ ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബലാക്കോട്ട് ആക്രമണത്തിനു ശേഷം പാക്കിസ്ഥാന്റെ മുഴുവന്‍ പോര്‍വിമാനങ്ങളും ടാങ്കുകളും അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു. എന്നാല്‍ നിസ്സാര ദൗത്യങ്ങള്‍ക്ക് എഫ്–16 ഉപയോഗിച്ച് നഷ്ടം നേരിട്ടാന്‍ ഭാവിയില്‍ പാക്ക് വ്യോമസേനയ്ക്ക് വന്‍ തിരിച്ചടിയാകും. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് എഫ്–16 പിന്‍വലിച്ചിരിക്കുന്നത്. പഞ്ചാബിലെ സര്‍ഗോഡ വ്യോമതാവളത്തിലെ എഫ്–16 പോര്‍വിമാനങ്ങളെല്ലാം സിന്ധിലേക്കാണ് മാറ്റിയിരിക്കുന്നത്.

ഇന്ത്യന്‍ വ്യോമസേനയെ ഭയന്നു രണ്ടു മാസത്തോളമാണ് പാക്കിസ്ഥാന്റെ വ്യോമപരിധി അടച്ചിട്ടത്. ബലാക്കോട്ടിലെ ഭീകരക്യാംപുകളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ ഭീതി 75 ദിവസം പിന്നിടുമ്പോഴും പാക്ക് സേനകള്‍ മാറിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.