500 പേരടങ്ങുന്ന മുഖംമൂടി സംഘം ഇവിഎം മെഷീനുകള്‍ കവര്‍ന്നു
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ അരുണാചല്‍ പ്രദേശില്‍ ഇവിഎം മെഷീനുകള്‍ മുഖംമൂടി സംഘം കവര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ഏകദേശം 500 പേരുടെ സംഘം എത്തിയാണ് അധികൃതരെ ആക്രമിച്ചതെന്നും ഇവിഎം മെഷീനുകള്‍ കവര്‍ന്നതെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ന് അരുണാചലിലെ കുരുംഗ് കുമെ ജില്ലയില്‍ റീപോളിംഗ് നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനായി നാംപെ പോളിംഗ് സ്റ്റേഷനിലേക്ക് ഇവിഎം മെഷീനുകളുമായി പോയ അധികൃതരെയാണ് മുഖംമൂടി സംഘം ആക്രമിച്ചതെന്ന് അരുണാചല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സിആര്‍പിഎംഫ്, ഇന്ത്യ റിസര്‍വ് ബറ്റാലിയന് എന്നിവരടങ്ങുന്ന സംഘമാണ് ആക്രമിക്കപ്പെട്ടത്. വടക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് ആക്രമണം നടന്നതെന്ന് നാംപെ സെക്ടര്‍ മജിസ്ട്രേറ്റ് റിഡോ തരക്ക് പറഞ്ഞു. എകെ 47 അടക്കമുള്ള തോക്കുകളുമായി വെടിയുതിര്‍ക്കുകയാണ് ആക്രമകാരികള്‍ ചെയ്തത്. തുടര്‍ന്ന് ബലമായി ഇവിഎം മെഷീനുകള്‍ കൈവശപ്പെടുത്തുകയായിരുന്നു.
നേരത്തെ, യാതൊരു സുരക്ഷാ സംവിധാനങ്ങളോ ഉദ്യോഗസ്ഥരോ ഒപ്പമില്ലാതെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ കാറുകളില്‍ കടത്തുന്ന വീഡിയോകള്‍ പുറത്ത് വന്നിരുന്നു. ബൂത്തുകളില്‍ നിന്നും ഇ.വി.എം കാറുകളില്‍ കടത്തുന്ന വീഡിയോ ആണ് പുറത്തുവന്നത്.
ഇതിനൊപ്പം ചില കടകളിലും മറ്റുമായി ഇ.വി.എമ്മുകള്‍ സൂക്ഷിച്ചിരിക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. യു.പിയിലെ ചന്ദൗലിയിലെ ഒരു കടയില്‍ നിന്നും ഇ.വി.എമ്മുകളും വി.വിപാറ്റ് മെഷീനുകളും ഒരു സംഘം ആളുകള്‍ കാറിലേക്ക് കടത്തുന്നതാണ് ഒരു വീഡിയോ.
മറ്റൊരു വീഡിയോ പഞ്ചാബില്‍ നിന്നും ആം ആദ്മി പ്രവര്‍ത്തക പകര്‍ത്തിയതാണ്. കാറില്‍ സൂക്ഷിച്ചിരിക്കുന്ന ഇ.വി.എം മെഷീനുകളാണ് വീഡിയോയില്‍ കാണുന്നത്. പിന്നില്‍ ബി.ജെ.പിയാണെന്നും യാതൊരു സുരക്ഷ സംവിധാനങ്ങളുമില്ലാതെ ഇ.വി.എം എവിടേക്കാണ് കടത്തിക്കൊണ്ടുപോകുന്നതെന്നും ഇവര്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. എസ്.ഡി വിദ്യാമന്തിര്‍ സ്ട്രോങ് റൂമില്‍ നിന്നാണ് ബി.ജെ.പി പ്രവര്‍ത്തര്‍ കാറില്‍ ഇ.വി.എം കടത്തുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇ.വി.എം അട്ടിമറി ശ്രമങ്ങള്‍ നടക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നതിനിടെ അവസാനഘട്ട പോളിങ് കഴിഞ്ഞതിന് ശേഷവും സുരക്ഷയില്ലാതെ യു.പിയിലും ബീഹാറിലുമെല്ലാം ഇ.വി.എമ്മുകള്‍ സ്ട്രോങ് റൂമില്‍ എത്തിക്കുന്ന വീഡിയോകളും പുറത്തുവന്നിരുന്നു.
ബീഹാറിലെ മഹാരാജ്ഗഞ്ച്, സാരണ്‍ മണ്ഡലങ്ങളിലെ ഇ.വി.എമ്മുകള്‍ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകളിലേക്ക് ഇ.വി.എമ്മുകളുമായി എത്തിയ വാഹനങ്ങള്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ആര്.ജെ.ഡികോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടിയിരുന്നു.
ഇവിടേക്ക് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ സാന്നിധ്യത്തിലാണ് ഇവി.എമ്മുകള്‍ കൊണ്ടുവന്നതെന്നും ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബി.ഡി.ഒയ്ക്ക് സാധിച്ചില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ചന്ദൗളിയില്‍ ഇവി.എം നിറച്ച് വന്ന ട്രക്ക് പിടികൂടിയത് പ്രതിഷേധത്തിന് കാരണമായി. പുറത്ത് വരുന്ന വീഡിയോകള്‍ പ്രകാരം സ്റ്റോറേജ് യൂണിറ്റുകളിലേക്ക് ഇ.വി.എമ്മുകള്‍ എത്തിക്കുന്നതായാണ് കാണിക്കുന്നത്.
ഹരിയാനയിലെ ഫത്തേഹ്ബാദില്‍ സ്ട്രോങ്റൂമുകളിലേക്ക് ഇ.വി.എം നിറച്ച ട്രക്കുകള്‍ എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് എം.പി ശശി തരൂരും പങ്ക് വെച്ചിട്ടുണ്ട്.