വ്യാപക അട്ടിമറി ?; വോട്ടിംഗ് മെഷീനുകള്‍ കാറിലും കടകളിലും; നിരവധി വീഡിയോകള്‍ പുറത്ത്

single-img
21 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ വോട്ടിംഗ് മെഷീനുകള്‍ മാറ്റുന്നതിന്റെ നിരവധി വീഡിയോകള്‍ പുറത്ത്. ട്വിറ്ററിലാണ് വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നത്. ചില വീഡിയോയില്‍ മെഷീനുകള്‍ കടകളില്‍ സൂക്ഷിക്കുമ്പോള്‍, ചിലതില്‍ സ്വകാര്യ വാഹനങ്ങളുടെ ഡിക്കിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

യാതൊരു സുരക്ഷാ സംവിധാനങ്ങളോ ഉദ്യോഗസ്ഥരോ ഒപ്പമില്ലാതെയാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ മാറ്റുന്നതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ഉത്തര്‍പ്രദേശിലെ ചാന്ദൗളിയില്‍നിന്ന് എന്നു പ്രചരിക്കുന്ന വീഡിയോയില്‍, ഒരു കൂട്ടം ആളുകള്‍ വോട്ടിംഗ് മെഷീനുകളും വിവിപാറ്റ് മെഷീനുകളും വാഹനത്തില്‍നിന്ന് ഇറക്കി ഒരു കടയില്‍ സൂക്ഷിക്കുന്നതായി കാണാം.

മറ്റൊരു വീഡിയോയില്‍ വോട്ടിംഗ് മെഷീനുകള്‍ കാറില്‍ സൂക്ഷിച്ചിരിക്കുന്ന നിലയിലാണ് കാണാന്‍ കഴിയുക. പഞ്ചാബില്‍നിന്ന് എന്ന പേരില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഒരു പ്രവര്‍ത്തകയാണ് വീഡിയോ പങ്കുവച്ചത്. മറ്റൊരു വീഡിയോയില്‍, മധ്യപ്രദേശിലെ ഝാന്‍സിയില്‍ വോട്ടിംഗ് മെഷീനുകള്‍ സ്ഥാനാര്‍ഥികളെ അറിയിക്കാതെ കൊണ്ടുവന്നു എന്ന് ഒരു പ്രവര്‍ത്തകന്‍ ആരോപിച്ചു. ഗാസിപ്പൂരില്‍ വോട്ടിംഗ് മെഷീനുകള്‍ മാറ്റിവച്ചതായി മഹാസഖ്യ സ്ഥാനാര്‍ഥി അഫ്‌സല്‍ അന്‍സാരി ആരോപിച്ചു.

വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേട് നടത്താന്‍ ബിജെപി ശ്രമിക്കുന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇവിഎം ക്രമക്കേട് സംബന്ധിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം വീണ്ടും സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു.