ശശി തരൂരിന് മൂന്നാം സ്ഥാനം മാത്രം; തിരുവനന്തപുരത്ത് സി ദിവാകരൻ ജയിക്കുമെന്ന് സിപിഐ

single-img
21 May 2019

തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന്‍ മൂന്നാം സ്ഥാനത്തേക്കു പോവുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ തള്ളി സിപിഐ ജില്ലാ നേതാക്കള്‍ രംഗത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി ദിവാകരന്‍ ചുരുങ്ങിയത് പതിനയ്യായിരം വോട്ടിനു ജയിക്കുമെന്നും ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനും പിന്നിലായി യുഡിഎഫിന്റെ ശശി തരൂര്‍ മൂന്നാം സ്ഥാനത്തേക്കു പോവുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ തവണ ഒ രാജഗോപാലിനു ലഭിച്ച അനുകൂല ഘടകങ്ങള്‍ ഇക്കുറി കുമ്മനത്തിനു ലഭിക്കില്ലെന്നാണ് സിപിഐ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. തിരുവനന്തപുരത്ത് ഇക്കുറി കഴക്കൂട്ടം, കോവളം, പാറശ്ശാല മണ്ഡലങ്ങളില്‍ സി ദിവാകരന്‍ ഒന്നാമത് എത്തുമെന്നാണ് സിപിഐ ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. നേമം, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ കുമ്മനം രാജശേഖരായിരിക്കും ഒന്നാമതെന്നും അവർ പറയുന്നു.

എന്നാല്‍ ഇവിടെ ബിജെപി പ്രതീക്ഷിക്കുന്ന വന്‍ ഭൂരിപക്ഷം ഉണ്ടാവില്ലെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. ഈ മൂന്നു മണ്ഡലങ്ങളിലും സി ദിവാകരന്‍ രണ്ടാം സ്ഥാനത്ത് എത്തുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. നേരത്ത മന്ത്രിയായിരുന്നപ്പോള്‍ നടത്തിയ പ്രവര്‍ത്തനങ്ങളും തുടര്‍ച്ചായി തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതിലൂടെയുള്ള സഹതാപ തരംഗവുമെല്ലാം രാജഗോപാലിനു വോട്ടു വര്‍ധിക്കാന്‍ ഇടയായിട്ടുണ്ട്. കുമ്മനത്തിന് അത്തരം അനുകൂല ഘടകങ്ങള്‍ ഇല്ല. ശബരിമല സമരത്തില്‍ സജീവമല്ലാതിരുന്നതും കുമ്മനത്തെ സംബന്ധിച്ച് പ്രതികൂല ഘടകമാണെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു.

നേമത്ത് എംഎല്‍എ എന്ന നിലയില്‍ രാജഗോപാലിന്റെ പ്രവര്‍ത്തനങ്ങളോട് എതിര്‍പ്പുള്ള ഒരു വിഭാഗമുണ്ട്. ഈ വോട്ടുകളും ദിവാകരന് കിട്ടുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം തിരുവനന്തപുരത്ത് ഒരു ഈഴവ സ്ഥാനാര്‍ഥി എത്തുന്നു എന്നത് കഴക്കൂട്ടത്ത സി ദിവാകരന് അനുകൂലമായ ഘടകമായി പ്രവര്‍ത്തിക്കുമെന്ന് ചില നേതാക്കള്‍ പറയുന്നു. പുനര്‍ നിര്‍ണയത്തിനു ശേഷമുള്ള കഴക്കൂട്ടം മണ്ഡലത്തില്‍ ഈഴവര്‍ നിര്‍ണായക ശക്തിയാണെന്നും നേതാക്കൾ പറയുന്നു. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള നിയോജക മണ്ഡലങ്ങളില്‍ കുമ്മനത്തിനു ലഭിക്കുന്ന ലീഡ് കഴക്കൂട്ടത്തെയും പാറശ്ശാലയിലെയും മികച്ച ഭൂരിപക്ഷം വച്ച് മറികടക്കാനാവുമെന്നും  കോവളത്തും എല്‍ഡിഎഫ് ഒന്നാമത് എത്തുമെന്നുമാണ് വിലയിരുത്തൽ. നെയ്യാറ്റിന്‍കരയിലും ഇക്കുറി മോശമല്ലാത്ത പ്രകടനമായിരിക്കും ഇടതുപക്ഷത്തിന്റേതെന്നും നേതാക്കൾ പ്രതീക്ഷിക്കുന്നു.