Breaking News, Featured, National

ഞങ്ങൾ ദളിതരാണെന്ന് പറഞ്ഞപ്പോൾ ദളിതർക്ക് അവരെ എന്തു ചെയ്യാൻ കഴിയുമെന്ന് അവർ ചോദിച്ചു: അൽവറിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി

തങ്ങൾ ദളിതരാണെന്ന് പറഞ്ഞപ്പോൾ ദളിതർക്ക് തങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ടാണ് അക്രമികൾ തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്ന് രാജസ്ഥാനിലെ അൽവറിൽ കൂട്ടബലാത്സംഗത്തിനിരയായ ദളിത് യുവതി. ഇന്ത്യൻ എക്സ്പ്രസ് പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് താൻ നേരിട്ട ദുരനുഭവത്തിന്റെ ഓർമ്മകൾ അവർ പങ്കുവെച്ചത്.

“അവർ ആദ്യം ഞങ്ങളുടെ പേരുകൾ ചോദിച്ചു. പിന്നീട് ഞങ്ങളുടെ മാതാപിതാക്കളുടെ പേരുകളും ചോദിച്ചു. എന്നിട്ടതിലൊരാൾ ഞങ്ങളുടെ ജാതി ഏതാണെന്നന്വേഷിച്ചു. ഞങ്ങൾ ദളിതരാണെന്ന് പറഞ്ഞപ്പോൾ ‘ദളിതർ ഞങ്ങളെ എന്ത് ചെയ്യാനാണ്?’ എന്നാണയാൾ പറഞ്ഞത്.”

യുവതി പറഞ്ഞു.

ഭർത്താവിനൊപ്പം മോട്ടോർസൈക്കിളിൽ പോകുകയായിരുന്ന 19 വയസുള്ള യുവതിയേയും 22 വയസുള്ള ഭർത്താവിനെയും
അഞ്ചുപേരടങ്ങുന്ന സംഘം ആക്രമിക്കുകയും യുവതിയെ ബലാത്സംഗം ചെയ്യുകയും അതിന്റെ വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. ആ ദിവസത്തിന്റെ ഭീകരമായ ഓർമ്മകൾ കാരണം രാത്രി ഉറങ്ങാൻ പോലും സാധിക്കാറില്ലെന്ന് യുവതി പറയുന്നു.

യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ അക്രമികൾ അതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു

“ രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ അന്നു നടന്ന മുഴുവൻ സംഭവങ്ങളും എന്റെ മനസിലേയ്ക്കോടിയെത്തും. ഉറങ്ങാൻ കഴിയില്ല. അവരെ തൂക്കിക്കൊല്ലണമെന്നാണ് എന്റെ ആഗ്രഹം. എന്നോടിത് ചെയ്തതുകൊണ്ടല്ല, നാളെ മറ്റൊരു സ്ത്രീയ്ക്കും ഇത്തരമൊരു അനുഭവമുണ്ടാകാൻ പാടില്ല എന്ന് ഉറപ്പുവരുത്താൻ വേണ്ടിയാണ്.” യുവതി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഏപ്രിൽ 26-നാണ് ഈ യുവതിയുടെ ജീവിതം തന്നെ മാറ്റിമറിച്ച ആ സംഭവമുണ്ടായത്. തന്റെ ഭർത്താവിന്റെ വീട്ടിൽ അടുത്ത ബന്ധുവിന്റെ വിവാഹത്തിനുള്ള ഒരുക്കം നടക്കുന്നതിനിടയിൽ തനിക്ക് പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിനാണ് യുവതിയും ഭർത്താവും വൈകുന്നേരം 3 മണിയോടെ പുറത്തേയ്ക്ക് പോയത്.

അൽവർ കേസിലെ എഫ്ഐആർ

വഴിയിൽ രണ്ട് മോട്ടോർ സൈക്കിളിലായി ആരുപേർ ഇവരെ പിന്തുടർന്നു. ഒരു മോട്ടോർ സൈക്കിൾ കുറുകേ കൊണ്ടുവെച്ച് ഇവരെ ഇവരെ തടഞ്ഞ അക്രമികൾ അവരുടെ പേരും ജാതിയും മറ്റു വിവരങ്ങളും ചോദിച്ചു. വിവാഹിതരാണോ എന്നായിരുന്നു അടുത്ത ചോദ്യം. തങ്ങൾ വിവാഹിതരാണെന്ന് പറഞ്ഞിട്ടും കേൾക്കാതെ അക്രമികൾ അവരെ മണൽക്കുന്നുകൾക്ക് പുറകിലേയ്ക് വലിച്ചിഴച്ചുകൊണ്ടുപോയി. അഞ്ചുപേർ യുവതിയെ ഊഴം വെച്ച് ബലാത്സംഗം ചെയ്തു. ഒരാൾ എല്ലാം വീഡിയോയിൽ പകർത്തി. അതിനുശേഷം യുവതിയേയും ഭർത്താവിനെയും നിർബ്ബന്ധിച്ച് ലൈംഗികവേഴ്ച്ച നടത്തിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

ഏകദേശം അഞ്ചുമണിയോടെ അവരുടെ കയ്യിലുണ്ടായിരുന്ന 2000 രൂപയും പിടിച്ചു വാങ്ങിയ ശേഷം അക്രമികൾ അവരെ വിട്ടയച്ചു. ഈ സംഭവത്തെക്കുരിച്ച് ആരോടെങ്കിലും മിണ്ടിയാലോ പൊലീസിൽ പരാതി കൊടുത്താലോ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു വിട്ടയച്ചത്.

മുഖ്യപ്രതി ചോട്ടേലാലിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നു | Photo: The Quint

അക്രമികളുടെ കയ്യിൽ നിന്നും മോചിതരായ യുവതിയും ഭർത്താവും നേരേ പോയത് യുവതിയുടെ വീട്ടിലേയ്ക്കാണ്. അവിടേവെച്ച് യുവതി തന്റെ അമ്മയോട് സംഭവിച്ചതെല്ലാം പറഞ്ഞു. വീഡിയോ അവരുടെ കയ്യിൽ ഉള്ളതിനാൽ സംഭവം ആരോടും പറയേണ്ടെന്ന് അമ്മ ഉപദേശിച്ചു. തുടർന്ന് അവർ രണ്ടുപേരും തിരിച്ച് ഭർത്താവിന്റെ വീട്ടിലേയ്ക്ക് പോയി.

ഏപ്രിൽ 28-ന് അക്രമികൾ ദമ്പതികളെ വിളിക്കുകയും വീഡിയോ പുറത്തുവിടാതിരിക്കണമെങ്കിൽ 10,000 രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായി. യുവതി ഇക്കാര്യം തന്റെ ഭർതൃസഹോദരനെ അറിയിച്ചു. ഒരു ബാങ്കിന്റെ മിനി ബ്രാഞ്ചിലെ ജീവനക്കാരനായ ഭർതൃസഹോദരൻ അക്രമികളെ വിളിക്കുകയും താൻ പണം തരാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. യുവതിയുടെ ഭർത്താവ് ജയ്പ്പൂരിൽ പഠിക്കുന്ന വിദ്യാർത്ഥിയായതിനാൽ അദ്ദേഹത്തിന് പണം നൽകാൻ കഴിയില്ലെന്നും താൻ നൽകാമെന്നുമായിരുന്നു അദ്ദേഹം അക്രമികളോട് പറഞ്ഞത്.

“ആദ്യം അവർക്ക് പണം നൽകാമെന്ന് തന്നെയായിരുന്നു ഞാൻ കരുതിയത്. എന്നാൽ ഞാൻ എന്റെ ചില സഹപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞപ്പോൾ പണം നൽകിയാൽ അവർ ഈ ഭീഷണി തുടരുമെന്നും അതിനാൽ പൊലീസിനെ അറിയിക്കുന്നതാണ് നല്ലതെന്നും അവർ എന്നെ ഉപദേശിച്ചു.” യുവതിയുടെ ഭർത്താവിന്റെ സഹോദരൻ പറയുന്നു.

ഏപ്രിൽ 29-നു പൊലീസിനെ സമീപിക്കുന്നതിനു മുന്നേയാണ് ഭർത്താവിന്റെ മാതാപിതാക്കളെ ഇക്കാര്യം യുവതി അറിയിച്ചത്. ഏപ്രിൽ 30നു പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ നിരവധി തവണ വിളിച്ചന്വേഷിച്ചിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. മേയ് 2-നാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായത്.പ്രതികൾ ആരൊക്കെയാണെന്ന് യുവതിയുടെ വീട്ടുകാർക്ക് തിരിച്ചറിയാൻ സാധിച്ചിരുന്നു. പക്ഷേ പൊലീസ് ആരെയും അറസ്റ്റ് ചെയ്തില്ല.

“മേയ് 4-നു ഒരു വീഡിയോ എന്റെ ഫോണിൽ ലഭിച്ചു. അവർ ആ വീഡിയോ പുറത്തുവിടുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. അതു തുറന്നുനോക്കിയപ്പോൾ അത് എന്റെ സഹോദരന്റെയും ഭാര്യയുടെയും വീഡീയോ ആയിരുന്നു. ഞാൻ അതുമായി പൊലീസ് സ്റ്റേഷനിൽ എത്തി. എന്നിട്ടും മേയ് 7-നാണ് പൊലീസ് ആദ്യത്തെ അറസ്റ്റ് നടത്തിയത്. അവർ സമയത്ത് നടപടിയെടുക്കുകയും കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നെങ്കിൽ ആ വീഡിയോ പുറംലോകം കാണുമായിരുന്നില്ല.”


യുവതിയുടെ ഭർതൃസഹോദരൻ പറയുന്നു.

പൊലീസ് ആറുപേരെയും അറസ്റ്റ് ചെയ്തു. ഇന്ദെർ രാജ് ഗുർജ്ജർ, ചോട്ടേലാൽ ഗുർജർ, ഹൻസ് രാജ് ഗുർജർ , മഹേഷ് ഗുർജർ എന്നിവരെ ബലാത്സംഗക്കുറ്റത്തിനും മുകേഷ് ഗുർജർ എന്നയാളെ അതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനുമാണ് അറസ്റ്റ് ചെയ്തത്.

നടപടിയെടുക്കാൻ വൈകിയതിനു ദേശീയ മനുഷ്യാവകാശ കമ്മീഷൻ രാജസ്ഥാൻ ഭരിക്കുന്ന കോൺഗ്രസ് സർക്കാരിനു നോട്ടീസ് അയച്ചിരുന്നു. തുടർന്ന് സർക്കാർ അൽവർ എസ്പിയെ തൽസ്ഥാനത്ത് നിന്നും നീക്കുകയും പൊലീസ് സ്റ്റേഷനിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

പ്രതിപക്ഷ കക്ഷിയായ ബിജെപിയും നിരവധി ദളിത് സംഘടനകളും അന്വേഷണം വേഗത്തിലാക്കുന്നതിനായി പ്രക്ഷോഭങ്ങൾ നടത്തി.

തങ്ങളുടെ വീഡിയോ ക്ലിപ്പുകൾ പ്രചരിക്കുന്ന കാര്യം താൻ അവഗണിക്കുകയാണെന്ന് യുവതി പറഞ്ഞു. എല്ലാവർക്കും എന്താണ് സംഭവിച്ചതെന്നറിയാം. അതിന്റെ മാനസിക പ്രയാസം തനിക്കുണ്ട്. എന്നാൽ തന്റെ ഭർത്താവിന്റെ വീട്ടുകാർ തനിക്കു തന്ന മാനസികമായ പിന്തുണ തനിക്ക് അതിനെയെല്ലാം അതിജീവിക്കുവാനുള്ള പ്രേരണയായെന്നും യുവതി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

“അവർ എന്നോടിങ്ങനെയൊരു ഹീനകൃത്യം ചെയ്തതെന്തിനാണെന്ന് എനിക്കറിയില്ല. പക്ഷേ എനിക്ക് തോന്നുന്നത് ഞങ്ങളുടെ ജാതി എന്താണെന്ന് മനസിലാക്കിയപ്പോഴാകണം അവർക്കിത് ചെയ്യാനുള്ള ധൈര്യം ഉണ്ടായത്. അവർ ഗുർജർ ജാതിയിൽപ്പെട്ടവരായിരുന്നു. ഞങ്ങൾ നിസഹായരാണെന്ന് അവർ കരുതിയിട്ടുണ്ടാകണം. പക്ഷേ അവരുടെ ധാരണ തെറ്റാണെന്ന് ഞങ്ങൾ തെളിയിച്ചു.” യുവതി പറയുന്നു.

കടപ്പാട്: ഇന്ത്യൻ എക്സ്പ്രസ്