വടക്കന്‍ കേരളത്തിലെ ഏട്ട് സീറ്റുകളില്‍ അഞ്ച് സീറ്റുകളിലും ചെങ്കൊടി പാറും; കൈരളി ടിവി- സിഇഎസ് സര്‍വേ പുറത്തുവന്നു

single-img
20 May 2019

ദേശീയ തലത്തില്‍ എന്‍ഡിഎ എന്നപോലെ കേരളത്തില്‍ യു ഡി എഫ് തരംഗമെന്ന ദേശീയ മാധ്യമങ്ങളുടെ എല്ലാ സര്‍വേ ഫലങ്ങളെയും തള്ളി കൈരളി ടിവിയും സിഇഎസും ചേര്‍ന്ന് നടത്തിയ പോസ്റ്റ് പോള്‍ സര്‍വേ ഫലം പുറത്തുവന്നു. ഈ സര്‍വേ ഫല പ്രകാരം വടക്കന്‍ കേരളത്തില്‍ ആകെയുള്ള ഏട്ട് സീറ്റുകളില്‍ അഞ്ച് സീറ്റുകളിലും ഇടതു പക്ഷം വിജയിക്കുമെന്നാണ് വ്യക്തമാക്കുന്നത്. കാസര്‍കോട് യുഡിഎഫിന്‍റെ രാജ്മോഹന്‍ ഉണ്ണിത്താനെ കെ പി സതീഷ് ചന്ദ്രന്‍ തറപറ്റിക്കുമെന്നും 41.7 ശതമാനം വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേടുമ്പോള്‍ 40.1 ശതമാനം വോട്ടുകള്‍ മാത്രമാണ് യുഡിഎഫ് സ്വന്തമാക്കുകയെന്നും സര്‍വേ പറയുന്നു.

കാസര്‍കോട് മണ്ഡലത്തില്‍ ബിജെപിയുടെ വോട്ട് വിഹിതം 16.4 ശതമാനമായിരിക്കും. കെ സുധാകരനുമായി ശക്തമായ മത്സരം നടക്കുന്ന കണ്ണൂരില്‍ പി കെ ശ്രീമതിയും കോഴിക്കോട് പ്രദീപ് കുമാറും നേരിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് സര്‍വേ ചൂണ്ടികാട്ടുന്നത്.

രാഷ്ട്രീയ കേരളത്തിന്‍റെ ശ്രദ്ധാ കേന്ദ്രമായ വടകരയില്‍ പി ജയരാജന്‍ വിജയിക്കുമ്പോള്‍ എം ബി രാജേഷ് ഹാട്രിക് വിജയം നേടി പാലക്കാട് മണ്ഡലം നിലനിര്‍ത്തുമെന്നും സര്‍വേ പറയുന്നു. അതേപോലെ പാലക്കാട് എന്‍ ഡി എ സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തേക്കെത്തുമെന്ന സര്‍വ്വെകളെയും കൈരളി സി ഇ എസ് സര്‍വ്വെ തള്ളികളയുന്നു. എന്‍ ഡി എ യുടെ വോട്ട് വിഹിതം കുറയുമെന്നാണ് സര്‍വ്വെ പറയുന്നത്. രാഹുല്‍ ഗാന്ധി വയനാടില്‍ വമ്പിച്ച ജയം നേടുമെന്നും സര്‍വേ വ്യക്തമാക്കുന്നു.

മുസ്ലിം ലീഗിന്‍റെ കോട്ടകളായ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറും മികച്ച വിജയം നേടുമെന്നും സര്‍വ്വെ പറയുന്നു. സര്‍വേയുടെ കാര്യത്തില്‍ കൈരളി ടിവിക്ക് ഉത്തരവാദിത്തമില്ലെന്നും പൂര്‍ണ ഉത്തരവാദിത്തം സര്‍വേ ഏജന്‍സിയായ സിഇഎസിനായിരിക്കുമെന്നും അവതാരകന്‍ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലും 80 നിയമസഭാ മണ്ഡലങ്ങളിലുമായി 12000 പേര്‍ സര്‍വേയില്‍ പങ്കെടുത്തുവെന്ന് ഏജന്‍സി അവകാശപ്പെടുന്നു.