താജികിസ്താനിൽ ഐസിസ് തടവുകാരുടെ ജയിൽ കലാപം: 32 മരണം

single-img
20 May 2019

താജികിസ്താനിലെ ഒരു ജയിലിൽ ഐസിസ് തടവുകാർ നടത്തിയ കലാപത്തിൽ 24 തീവ്രവാദികളും 3 ജയിൽ വാർഡന്മാരും ഉൾപ്പടെ 32 പേർ മരിച്ചതായി റിപ്പോർട്ട്. താജികിസ്താൻ തലസ്ഥാനമായ ദുഷാൻബേയിൽ ഐസിസ് തടവുകാരെ പാർപ്പിച്ചിരുന്ന അതീവ സുരക്ഷാ ജയിലിലാണ് ഞായറാഴ്ച രാത്രിയോടെ കലാപമുണ്ടായത്.

ദുഷൻബേയിൽ നിന്നും 17 കിലോമീറ്റർ അകലെയുള്ള വഹ്ദത് ജയിലിലാണ് 30 ഐസിസ് തീവ്രവാദികളായ തടവുകാർ കലാപം അഴിച്ചുവിട്ടത്. ഇവർ ജയിലിലെ 3 വാർഡന്മാരെയും 5 സഹതടവുകാരെയും കുത്തിക്കൊന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ആദ്യം സുരക്ഷാ ഉദ്യോഗസ്ഥർ ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തങ്ങളെ മോചിപ്പിക്കണമെന്ന നിലപാടിൽ അവർ ഉറച്ചുനിന്നതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കലാപകാരികളെ സായുധമായി നേരിട്ടു. 24 തീവ്രവാദികളെ വെടിവെച്ചുകൊന്നതിനു ശേഷമാണ് സമാധാനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. മൊത്തം 1500 തടവുകാരാണ് വഹ്ദതിലെ പീനൽ കോളനിയിൽ ഉള്ളത്.

നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും താജികിസ്താനിൽ നിന്നുള്ള ഏഷ്യാ പ്ലസ് എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

താജികിസ്താനിൽ ഐസിസ് തീവ്രവാദികൾ നടത്തുന്ന രണ്ടാമത്തെ ജയിൽ കലാപമാണിത്. ഖുജാൻഡ് എന്ന സ്ഥലത്തെ പീനൽ കോളനി (ജയിൽ)യിൽ കഴിഞ്ഞ വർഷം നവംബറിൽ ഉണ്ടായ കലാപത്തിൽ 21 ജയിൽപ്പുള്ളികൾ കൊല്ലപ്പെട്ടിരുന്നു.