ഓസ്‌ട്രേലിയയില്‍ തെറ്റിയത് 56 എക്‌സിറ്റ് പോളുകൾ; പ്രവചനങ്ങളെ വിശ്വസിക്കരുത്: ശശി തരൂർ

single-img
20 May 2019

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് അനുകൂലമായി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ എക്സിറ്റ് പോളുകളെ വിമർശിച്ച് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. എക്‌സിറ്റ് പോളുകളെല്ലാം തെറ്റാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചത് ചൂണ്ടിക്കാണിച്ച് ട്വിറ്ററിലുടെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ഓസ്‌ട്രേലിയയില്‍ 56 എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഉയര്‍ത്തിക്കാട്ടിയാണ് എക്‌സിറ്റ് പോളുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം ശശി തരൂര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ ഒട്ടുമിക്ക വോട്ടര്‍മാരും സര്‍ക്കാരിനെ ഭയന്ന് സത്യം തുറന്നുപറയാറില്ലെന്നും അതുകൊണ്ട് തന്നെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തനിക്ക് വിശ്വാസമില്ലെന്നും ശശി തരൂര്‍ പറഞ്ഞു. വോട്ടെണ്ണല്‍ നടക്കുന്ന മെയ് 23 വരെ കാത്തിരിക്കാനും ശശി തരൂര്‍ അഭ്യര്‍ത്ഥിച്ചു.

തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്ന് ചില എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. ലോക്‌സഭയിലേക്ക് കേരളത്തില്‍ നിന്നും ബിജെപിക്ക് പ്രാതിനിധ്യം ഉണ്ടാകുമെന്നും ചില പ്രവചനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.