മധുപാലിനെതിരെ സംഘപരിവാർ സൈബർ ആക്രമണം: മരിച്ചുവെന്ന് പ്രചരണവും അസഭ്യവർഷവും

single-img
20 May 2019

നടൻ മധുപാലിനെതിരെ സംഘപരിവാർ-ബിജെപി അനുകൂലികളുടെ സൈബർ ആക്രമണം. ഇടതുപക്ഷത്തെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിൽ മരിച്ചുവെന്ന് പ്രചരിപ്പിച്ച് ആദരാഞ്ജലികൾ അർപ്പിക്കലും അസഭ്യവർഷവുമായി കടുത്ത ആക്രമണമാണ് അദ്ദേഹത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ അരങ്ങേറുന്നത്.

നാം ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്’ എന്ന് മധുപാൽ മുമ്പ് ഒരു പൊതുചടങ്ങിൽ സംസാരിച്ചിരുന്നു. ഇടതുപക്ഷരാഷ്ട്രീയത്തെ അനുകൂലിച്ചുകൊണ്ടും സംഘപരിവാർ രാഷ്ട്രീയത്തെ വിമർശിച്ചുകൊണ്ടുമായിരുന്നു മധുപാലിന്‍റെ വാക്കുകൾ.

“ജീവനുള്ള മനുഷ്യർക്ക് ഇവിടെ ജീവിക്കാനാകണം, ഞങ്ങൾ കുറച്ചുപേർ മാത്രം ഇവിടെ ജീവിച്ചാൽ മതി എന്നാണ് ചിലരുടെ പ്രഖ്യാപനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എന്തെല്ലാം കുഴപ്പങ്ങളാണുണ്ടായത് എന്ന് നാം കണ്ടതാണ്. ദേശീയത പറയുന്നവരുടെ കാലത്താണ് ഏറ്റവുമധികം രാജ്യരക്ഷാ ഭടന്മാർ കൊല്ലപ്പെട്ടത്. സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ, മനുഷ്യനെ മതത്തിന്റെ ചതുരത്തിൽ നിർത്തുന്ന ഭരണകൂടമല്ല നമുക്ക് വേണ്ടത്. അതുകൊണ്ട് ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളണം”

എന്നായിരുന്നു മധുപാൽ പ്രസംഗത്തിൽ പറഞ്ഞത്.

തുടർന്ന് സംഘപരിവാർ അനുകൂലികൾ സമൂഹമാധ്യമങ്ങളിൽ ‘മധുപാൽ മരിച്ചു’ എന്ന് വ്യാപകമായി പ്രചരിപ്പിക്കുകയും അദ്ദേഹത്തിനു ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇക്കുറി ഇന്ത്യയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് ജനാധിപത്യം നിലനിര്‍ത്തണോ വേണ്ടയോ എന്നതിനു വേണ്ടിയുള്ള ജീവന്മരണ പോരാട്ടമാണെന്നും ഇതില്‍ വിജയിക്കേണ്ടത് ജനാധിപത്യമാണെന്നും ആവർത്തിച്ചുകൊണ്ടായിരുന്നു മധുപാൽ ഇതിനോട് പ്രതികരിച്ചത്.

എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിയ്ക്ക് അനുകൂലമാണെന്ന വാർത്തകൾ വന്നതോടെ വീണ്ടും മധുപാലിനെതിരെ സൈബർ ആക്രമണവുമായി സംഘപരിവാർ അനുകൂലികൾ രംഗത്തെത്തുകയായിരുന്നു. മേയ് 23-നു തന്നെ മധുപാൽ ആത്മഹത്യ ചെയ്യുമെന്ന് ഉറപ്പായെന്നും മറ്റും പോസ്റ്ററുകൾ അടക്കം കമന്റായി ഇട്ടാണ് ആക്രമണം.