ആവശ്യങ്ങൾക്ക് അംഗീകാരം; തൊഴിൽ വകുപ്പിന്റെ ഇടപെടലിൽ പിവിഎസ് ഹോസ്പിറ്റൽ ജീവനക്കാരുടെ സമരം ഒത്തുതീർന്നു

single-img
20 May 2019

എറണാകുളം പി വി എസ് മെമ്മോറിയൽ ഹോസ്പിറ്റലിനു മുന്നിൽ ജീവനക്കാർ നടത്തിവന്ന അനശ്ചിതകാല സമരം തൊഴിൽ വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് ഒത്തുതീർന്നു. 2018 ആഗസ്റ്റു മുതൽ ശമ്പളം മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി മുഴുവൻ ജീവനക്കാരും ഡ്യൂട്ടി സമയത്ത് ഹോസ്പിറ്റലിനു മുന്നിൽ കുത്തിയിരുപ്പു സമരം നടത്തിവരികയായിരുന്നു.

എറണാകുളം റീജ്യണൽ ജോയന്റ് ലേബർ കമ്മീഷണർ കെ ശ്രീലാൽ ജീവനക്കാരുമായി നടത്തിയ അനുരഞ്ജന ചർച്ചയെ തുടർന്നാണ് ഒത്തുതീർപ്പ്. 2019 ഏപ്രിൽ 30നും അതിനു മുമ്പും സ്ഥാപനത്തിൽ നിന്നു പോയ എല്ലാ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറിയായി ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നൽകാമെന്ന് മാനേജ്മെൻറ് സമ്മതിച്ചു. 2018 ആഗസ്റ്റ് മുതൽ നേഴ്സിങ് ഇതര ജീവനക്കാർക്കും 2019 ജനുവരി മുതൽ നേഴ്സിങ് ജീവനക്കാർക്കും ശമ്പളക്കുടിശ്ശികയുള്ളതിൽ ഏപ്രിൽ 30ന് സ്ഥാപനത്തിൽ നിന്ന് പോയ ജീവനക്കാർക്കും നിലവിൽ തുടരുന്നവർക്കും തൊഴിൽ നിയമ പ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി ആനുകൂല്യങ്ങൾ നൽകാമെന്ന് മാനേജ്മെന്റ് സമ്മതിച്ചു.

നിലവിലുള്ള വേതന കുടിശ്ശികയുടെ ആദ്യ ഗഡുവായി ഒരു മാസത്തെ വേതന കുടിശ്ശികയായ ഒരു കോടി രൂപ മെയ് 24നും രണ്ടാം ഗഡു ജൂൺ 10നും നൽകും. 2019 ഏപ്രിലിൽ സ്ഥാപനത്തിൽ നിന്നും പോയിട്ടുള്ള ജീവനക്കാരുടെ എല്ലാ സ്റ്റാറ്റ്യൂട്ടറി ആനുകൂല്യങ്ങളും 2019 ആഗസ്റ്റ് 20നുള്ളിൽ നൽകും. നിലവിൽ സ്ഥാപനത്തിൽ തുടരുന്ന ജീവനക്കാർക്ക് ലഭിക്കുവാനുള്ള വേതനക്കുടിശ്ശികയും ആഗസ്റ്റ് 20നുള്ളിൽ നൽകും. കുടിശ്ശികത്തുകകൾ ബാങ്ക് അക്കൗണ്ട് വഴിയാണ് കൈമാറുക.

സ്ഥാപനം വിട്ടുപോയതും ആനുകൂലം ലഭിക്കാത്തതുമായ ജീവനക്കാർക്കും വ്യവസ്ഥകൾ ബാധകമാണ്. ജീവനക്കാരുടെ സഹകരണത്തോടെ ആശുപത്രിയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ഹോസ്പിറ്റലിലെ തൊഴിലാളി യൂണിയൻ പ്രതിനിധികൾ സമ്മതിച്ചു. പിവിഎസ് മെമ്മോറിയൽ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ പി വി മിനി, ഡയറക്ടർ ബോർഡംഗങ്ങളായ പി വി അഭിഷേക്, പി വി നിധീഷ്, അഡ്വ.ലളിത എന്നിവർ തൊഴിലുടമയെ പ്രതിനിധീകരിച്ചും യു എൻ എ പ്രതിനിധികളായ എം എം ഹാരിസ്, എസ് രാജൻ, ടി.ഡി.ലീന, ലീസമ്മ ജോസഫ്, എസ് വൈശാഖൻ, ഫെലിൻ കുര്യൻ, എം വി ലൂസി തുടങ്ങിയവർ തൊഴിലാളികളെ പ്രതിനിധികരിച്ചും ചർച്ചയിൽ പങ്കെടുത്തു