എക്‌സിറ്റ് പോളുകള്‍ മാറിമറിഞ്ഞ ചരിത്രം മുന്‍പുണ്ടായിട്ടുണ്ട്; 23വരെ കാത്തിരിക്കൂ: പിണറായി വിജയൻ

single-img
20 May 2019

എക്‌സിറ്റ് പോളുകള്‍ മാറിമറിഞ്ഞ ചരിത്രം മുന്‍പുണ്ടായിട്ടുണ്ടെെന്നും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2004ല്‍ എന്‍ഡിഎ തുടര്‍ഭരണമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. എന്നാല്‍ പ്രവചനം പാളുന്നതാണ് പിന്നീട് കണ്ടത്. ഒരു ഊഹത്തെ കുറിച്ച് മറ്റൊരു ഊഹം വെച്ച് ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ല. മെയ് 23 വരെ കാത്തിരിക്കാനും പിണറായി പറഞ്ഞു.

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല. ശബരിമലയില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിപ്പിച്ചത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. ശബരിമലയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നിലവില്‍ ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിച്ചവരുടെ ഇടയില്‍ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും ശബരിമലയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. വരുന്ന മണ്ഡലക്കാലത്ത് കൂടുതല്‍ സൗകര്യങ്ങളുളള ശബരിമലയെയാണ് കാണാന്‍ പോകുന്നതെന്നും പിണറായി പറഞ്ഞു.