ബിജെപിയോടും മോദിയോടും പക്ഷപാതം: തെര. കമ്മീഷന്‍ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കാൻ പ്രതിപക്ഷ പാര്‍ട്ടികള്‍

single-img
20 May 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും പ്രധാനമന്ത്രിക്കും അനുകൂലമായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിച്ചു എന്ന ആരോപണത്തിന് പിന്നാലെ പരസ്യമായ പ്രതിഷേധ സമരത്തിനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനമെടുത്തു.

അതോടൊപ്പം, തെരഞ്ഞെടുപ്പിൽ അൻപത് വിവി പാറ്റ് മെഷീനുകള്‍ എണ്ണണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇപ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അംഗങ്ങൾ തമ്മിൽ ഉടലെടുത്ത ഭിന്നത തുടരുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗങ്ങളില്‍ നിന്നും രണ്ടാഴ്ച്ചയായി വിട്ടു നില്‍ക്കുന്ന കമ്മീഷനിലെ അംഗമായ അശോക് ലവാസക്ക് തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ രണ്ട് കത്തുകൾ അയച്ചു.

പ്രചാരണ സമയത്ത് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി എന്ന പരാതിയില്‍ പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് തുടര്‍ച്ചയായി ആറു തവണ ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജിച്ചാണ് അശോക് ലവാസ യോഗങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.