കൊല്ലത്ത് എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റിയേക്കും: മണ്ഡലത്തിൽ ബിജെപി ഒന്നേകാൽ ലക്ഷം വോട്ടുകൾ സമാഹരിക്കുമെന്ന് ജില്ലാ കമ്മിറ്റി

single-img
20 May 2019

കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി ഒന്നേകാൽ ലക്ഷം വോട്ടുകൾ സമാഹരിക്കുമെന്ന് പാർട്ടി ജില്ലാ കമ്മിറ്റി വിലയിരുത്തൽ. ഒന്നേമുക്കാൽ ലക്ഷത്തിന്റെ കണക്കാണ് വിവിധ ബൂത്തുകളിൽ നിന്ന് ലഭിച്ചതെങ്കിലും വസ്‌തുതാപരമായ വിലയിരുത്തൽ നടത്തിയാണ് ഒന്നേകാൽ ലക്ഷമെന്ന കണക്കിലെത്തിയതെന്നും നേതാക്കൾ പറയുന്നു.

കഴിഞ്ഞദിവസം മാധ്യമങ്ങൾ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലപ്രകാരം കൊല്ലത്ത് ഇടതുപക്ഷ സ്ഥാനാർത്ഥി കെ എൻ ബാലഗോപാലിനെ യുഡിഎഫ് സ്ഥാനാർത്ഥി ഥി പ്രേമചന്ദ്രൻ പരാജയപ്പെടുത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ബിജെപി വോട്ടുകൾ യുഡിഎഫിന് പോയിട്ടുണ്ടെന്ന മുൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിന് നേരെ വിരുദ്ധമായ വിലയിരുത്തലാണ് ബിജെപി നടത്തിയിരിക്കുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ കൊല്ലത്ത് ഇടതുപക്ഷം അപ്രതീക്ഷിത വിജയം സ്വന്തമാക്കുമെന്നാണ് സൂചനകൾ.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പി.എം.വേലായുധൻ നേടിയത് 57,​000 വോട്ടായിരുന്നു. ഇതിന് ശേഷം 2015ൽ നടന്ന പഞ്ചായത്ത്- മുനിസിപ്പൽ – കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഏകദേശം ഒന്നേമുക്കാൽ ലക്ഷം വോട്ടാണ് കൊല്ലം ലോക്‌സഭാ പരിധിയിൽ ബി.ജെ.പി സമാഹരിച്ചത്. പിറ്റേ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ലോക്‌സഭാ പരിധിയിൽ ഒന്നര ലക്ഷം വോട്ട് ബിജെപി നേടിയിരുന്നു.

എന്നാൽ ബി.ജെ.പി കൊല്ലത്ത് ഏകദേശം 75,​000 വോട്ട് നേടുമെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഏകദേശം 20,​000 വോട്ടിന്റെ വ്യത്യാസത്തിൽ എൽ.ഡി.എഫിലെ കെ.എൻ.ബാലഗോപാൽ വിജയിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ സ്‌‌റ്റേറ്റ് ഇന്റലിജൻസ് വിഭാഗം കൊല്ലത്ത് പ്രേമചന്ദ്രൻ വിജയിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.