വിവി പാറ്റിലെ എണ്ണവും വോട്ടിങ് മെഷീനിലെ വോട്ടുകളുടെ എണ്ണവും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസം വന്നാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണം: ആം ആദ്മി പാർട്ടി

single-img
20 May 2019


വോട്ടുകളുടെ എണ്ണത്തിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനും വിവി പാറ്റുമായി എന്തെങ്കിലും വ്യത്യാസം കണ്ടാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്നെ റദ്ദാക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി. ഈ സന്ദർഭത്തിൽ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കണമെന്നും എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ് പറഞ്ഞു. ഡൽഹിയിൽ ആംആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നുള്ള തരത്തിലായിരുന്നു കഴിഞ്ഞ ദിവസം വിവിധ എക്‌സിറ്റ് പോള്‍ സര്‍വേകള്‍ പുറത്തുവന്നത്.

അവിടെ ബിജെപി 6 മുതല്‍ 7 സീറ്റ് വരെ നേടുമെന്നും കോണ്‍ഗ്രസിനു ലഭിക്കുക പരമാവധി ഒരു സീറ്റാണെന്നും സര്‍വേ പ്രവചിച്ചിരുന്നു. സർവേ കളങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണവുമായി സഞ്ജയ് സിങ് രംഗത്തെത്തിയത്. വി വി പാറ്റിലെ എണ്ണവും മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസം വന്നാല്‍ ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് തന്നെ റദ്ദാക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

”വോട്ടിങ് മെഷീൻ ഒരു യഥാര്‍ത്ഥ ഗെയിം ആണോ? പാർട്ടികൾ പണം കൈപറ്റിയ ശേഷമല്ലേ ഈ എക്‌സിറ്റ് പോളുകളെല്ലാം പുറത്തുവിടുന്നത്? ബീഹാറിലും മധ്യപ്രദേശിലും രാജസ്ഥാനിലും ചണ്ഡീഗഡിലും ഗുജറാത്തിലും മഹാരാഷ്രയിലും കര്‍ണാടകയിലും ദല്‍ഹിയിലും പശ്ചിമബംഗാളിലും എല്ലായിടത്തും ബിജെ. വിജയിക്കുമെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്? വോട്ടിൻഫ് മെഷീനും വി വി പാറ്റുമായി എന്തെങ്കിലും വ്യത്യാസം വന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്നെ റദ്ദാക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കേണ്ടതുണ്ട്- സഞ്ജയ് സിങ് പറഞ്ഞു.