ആലത്തൂർ രമ്യാഹരിദാസ് കൊണ്ടുപോകുമെന്ന് മനോരമ- മാതൃഭൂമി എക്സിറ്റ് പോൾ ഫലങ്ങൾ

single-img
20 May 2019

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് വിജയിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനം. കേരളത്തിലെ പ്രമുഖ മാധ്യമങ്ങളായ മാതൃഭൂമിയും മലയാള മനോരമയും നടത്തിയ അഭിപ്രായ സര്‍വേകളില്‍ ഇടതുകോട്ടയായ ആലത്തൂരില്‍ ഇക്കുറി അട്ടിമറി നടക്കുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. ആലത്തൂരില്‍ രമ്യ ഹരിദാസ് 48 ശതമാനം വോട്ടുനേടുമെന്നാണ് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് ഇന്ത്യാ എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. മൂന്നാം വട്ടവും മല്‍സരിക്കാനെത്തിയ സിപിഎമ്മിലെ പി കെ ബിജു 37 ശതമാനം വോട്ടിലേക്ക് ഒതുങ്ങും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി വി ബാബുവിന് 13 ശതമാനം വോട്ടു ലഭിക്കുമെന്നും സര്‍വേ പറയുന്നു.

ആലത്തൂരില്‍ രമ്യ ഹരിദാസ് അട്ടിമറി വിജയം നേടുമെന്നാണ് മനോരമ ന്യൂസിനായി കാര്‍വി ഇന്‍സൈറ്റ്‌സ് നടത്തിയ സര്‍വേ ഫലവും പ്രവചിക്കുന്നത്. അപ്രതീക്ഷിതമായി സ്ഥാനാര്‍ത്ഥിയായെത്തിയ രമ്യ ഹരിദാസ്, മികച്ച പ്രചാരണങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇതോടൊപ്പം രമ്യക്കെതിരായ എ വിജയരാഘവന്‍ അടക്കമുള്ള ഇടതുനേതാക്കളുടെ കമന്റുകളും ബിജുവിന് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍ എത്തിയിട്ടുള്ളത്.