ഭൂരിപക്ഷം തങ്ങളോടൊപ്പം: മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി

single-img
20 May 2019

മധ്യപ്രദേശിൽ കമൽനാഥ് നയിക്കുന്ന കോൺഗ്രസ് സർക്കാരിനെതിരെ അവിശ്വാസപ്രമേയമവതരിപ്പിക്കാൻ ഉടൻ നിയമസഭ വിളിക്കണമെന്ന ആവശ്യവുമായി ബിജെപി. നേരിയ ഭൂരിപക്ഷത്തൊടെയാണ് ഇക്കഴിഞ്ഞ വർഷം നടന്ന തെരെഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി കമൽനാഥ് സർക്കാർ അധികാരത്തിൽ വന്നത്.

കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗോപാൽ ഭാർഗവയാണ് ഗവർണർ ആനന്ദിബെൻ പട്ടേലിന് കത്ത് നൽകിയത്. വൈകിട്ടോടെ ഗവർണറെ കാണാൻ ബിജെപി സമയം തേടിയിട്ടുമുണ്ട്. ചില കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടുമെന്ന് വ്യക്തമായതായും ഇതോടെ കമൽനാഥ് സർക്കാരിന് കേവലഭൂരിപക്ഷം നഷ്ടമാകുമെന്നുമാണ് ഗവർണർക്ക് നൽകിയ കത്തിൽ ബിജെപി ചൂണ്ടിക്കാട്ടുന്നത്. 

എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയ്ക്ക് കേന്ദ്രത്തിൽ വലിയ ഭൂരിപക്ഷം ലഭിക്കുമെന്നതരത്തിലുള്ള പ്രചരണങ്ങൾ പുറത്തുവന്ന സവിശേഷ സാഹചര്യത്തിലാണ് ബിജെപിയുടെ ഈ അസാധാരണനീക്കം.

കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിനു 230-ൽ 113 സീറ്റുകളും ബിജെപിയ്ക്ക് 109 സീറ്റുകളുമായിരുന്നു ലഭിച്ചത്. 116 സീറ്റുകൾ ഉണ്ടെങ്കിലേ കേവലഭൂരിപക്ഷം ലഭിക്കുകയുള്ളൂ. ബഹുജൻ സമാജ് വാദി പാർട്ടിയുടെ 2 എംഎൽഎമാരും സമാജ് വാദി പാർട്ടിയുടെ ഒരു
എംഎൽഎയും 4 സ്വതന്ത്രരും കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചപ്പോഴാണ് നേരിയ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിൽ എത്തിയത്.

“മധ്യപ്രദേശ് നിയമസഭയുടെ ഒരു പ്രത്യേക സെഷൻ ഉടൻ വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെടാനാണ് ഞാൻ ഈ കത്തെഴുതുന്നത്. കാർഷിക കടം എഴുതിത്തള്ളുന്നതടക്കമുള്ള പ്രധാനപ്പെട്ട വിഷയങ്ങളിൽ ചർച്ച നടത്തുവാനും സർക്കാരിന്റെ ഭൂരിപക്ഷം പരിശോധിക്കുവാനും ഞങ്ങൾ ആഗ്രഹിക്കുന്നു.” ഗോപാൽ ഭാർഗവയുടെ കത്ത് പറയുന്നു.

തങ്ങൾ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കില്ലെന്നും എന്നാൽ കോൺഗ്രസ് ഒരു വിഭജിക്കപ്പെട്ട സംവിധാനമാണെന്നും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൌഹാൻ ദേശീയ മാധ്യമമായ എൻഡിടിവിയോട് പറഞ്ഞു.