രാഹുലിനൊപ്പം വേദിയിലിരുന്നവര്‍ പോലും ലൈക്കടിച്ചത് കെ സുരേന്ദ്രന്; ‘പത്തനംതിട്ട’യില്‍ താമര വിരിയുമോ എന്ന് കോണ്‍ഗ്രസിന് ആശങ്ക?

single-img
19 May 2019

ശക്തമായ ത്രികോണ മത്സരം നടന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ആര് വിജയിക്കും എന്നു പ്രവചിക്കുക എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ജനവിധി അറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജില്ലാ കോണ്‍ഗ്രസില്‍ പോര് രൂക്ഷമാകുകയാണ്. പത്തനംതിട്ട നഗരസഭയിലെ അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വേണ്ടി വോട്ട് മറിച്ചുവെന്ന ആരോപണവുമായി ആദ്യ വെടിപൊട്ടിച്ചത് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എ ഷംസുദ്ദീനാണ്.

ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ കോട്ടകള്‍ ഒഴുകി പോയെന്നും ഷംസുദ്ദീന്‍ പറയുന്നു. ആന്റോ ആന്റണിക്കെതിരെ ഡി സി സി തുടക്കത്തില്‍ സ്വീകരിച്ച നിലപാട് സംഘടനാ സംവിധാനത്തിനും തിരിച്ചടിയായി. രാഹുല്‍ ഗാന്ധിയോടൊപ്പം വേദി പങ്കിട്ടവര്‍ പോലും ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ കെ സുരേന്ദ്രന്‍ ജയിക്കുമെന്ന് ലൈക്ക് ചെയ്‌തെന്നും ഇതെല്ലാം തിരിച്ചടിയായെന്നും എ ഷംസുദ്ദീന്‍ വിശദീകരിക്കുന്നു.

ആന്റോ ആന്റണിയുടെ പ്രോഗ്രാം കമ്മിറ്റി കണ്‍വീനറായിരുന്ന സുരേഷ് കുമാര്‍ പത്തനംതിട്ട ഓണ്‍ലൈന്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പു നടത്തിയ വോട്ടെടുപ്പില്‍ സുരേന്ദ്രന്‍ വിജയിക്കുമെന്ന വിധത്തില്‍ വോട്ടു ചെയ്തു എന്നാണ് ഷംസുദ്ദീന്‍ പറയുന്നത്. സൈബര്‍ ലോകത്ത് ഈ പ്രചരണം ശക്തമായതോടെ സുരേഷ്‌കുമാര്‍ പൊലീസില്‍ പരാതി നല്‍കി.

കൃത്രിമമായി ഉണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ തേജോവധം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സുരേഷ് കുമാര്‍ ആരോപിക്കുന്നത്. ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ താന്‍ പങ്കെടുത്തില്ലെന്ന് കാണിച്ചാണ് സുരേഷ് പൊലീസില്‍ പരാതി നല്‍കിയത്.

സുരേഷിനെതിരായുള്ള ഗ്രൂപ്പുപോരിന്റെ ഫലമാണ് സുരേഷിനെതിരായ ആരോപണങ്ങളെന്നാണ് ലഭിക്കുന്ന വിവരം. കോണ്‍ഗ്രസ് എ ഗ്രൂപ്പിലെ പ്രമുഖനാണ് സുരേഷ്‌കുമാര്‍. കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയുടെ കാലത്ത് നഗരസഭ ചെയര്‍മാനുമായിരുന്നു. ഐ ഗ്രൂപ്പ് നേതാവാണ് വിമര്‍ശനമുന്നയിച്ച ഷംസുദ്ദീന്‍. താന്‍ അങ്ങനെ വോട്ടു ചെയ്തിട്ടില്ലെന്നാണ് സുരേഷ് വ്യക്തമാക്കുന്നത്. അതേസമയം ആന്റായുടെ വോട്ട് ചോര്‍ന്നതു കൊണ്ട് ജയം തങ്ങള്‍ക്കാകുമെന്നാണ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജും എല്‍ഡിഎഫ് ക്യാമ്പും പ്രതീക്ഷിക്കുന്നത്.