Kerala

ഉഴുതു മറിച്ച മണ്ണില്‍ യു.ഡി.എഫ് വിളവെടുക്കുന്നതിലുള്ള നിരാശയാണ് സി.പി.എമ്മിന്: ശ്രീധരന്‍പിള്ള

സിപിഎം വോട്ടിന്റെ പേരില്‍ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും വസ്ത്ര ധാരണത്തില്‍ അടിസ്ഥാനപരമായ അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. തിരൂരില്‍ പൊന്നാനി ലോക്‌സഭാ മണ്ഡലം ബിജെപി പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷ പ്രീണനത്തിന്റെ വക്താക്കളായിരുന്നു അടുത്തകാലം വരെ സി.പി.എം. എന്നാല്‍ ഇന്ന് റീപോളിങ് നടക്കുന്ന ബൂത്തുകളില്‍ പര്‍ദ്ദ വിലക്കണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത് അവരാണ്. ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തി സി.പി.എം ഉഴുതു മറിച്ച മണ്ണില്‍ യു.ഡി.എഫ് വിളവെടുക്കുന്നതിലുള്ള നിരാശയാണ് പര്‍ദ വിഷയത്തില്‍ സി.പി.എം ഇപ്പോള്‍ എടുക്കുന്ന നിലപാട്. വോട്ട് ബാങ്കുകള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിച്ച സി.പി.എമ്മിന് തോല്‍വി ഉറപ്പായതോടെ ചിത്തഭ്രമം ബാധിച്ചിരിക്കുകയാണ്. ‘ശ്രീധരന്‍പിള്ള പറഞ്ഞു.

കള്ള വോട്ടിന്റെ പേരില്‍ കേരളത്തില്‍ റീപോളിംഗ് നടക്കേണ്ടി വന്നത് അപമാനകരമാണ്. സിപിഎമ്മും കോണ്‍ഗ്രസും ഈ വിഷത്തില്‍ ജനങ്ങളോട് മാപ്പു പറയണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. പര്‍ദ്ദയിട്ടു മുഖം മറച്ച് വന്നവര്‍ യുഡിഎഫിന് വേണ്ടി കള്ളവോട്ട് ചെയ്‌തെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രസ്താവന വിവാദത്തിന് വഴി തെളിച്ചിരുന്നു. പിലാത്തറയിലെ പ്രചാരണയോഗത്തില്‍ ജയരാജന്‍ നടത്തിയ പരാമര്‍ശം മുഖം മറച്ച് വോട്ട് ചെയ്യാനെത്തുന്നവരെ പരാമര്‍ശിച്ചായിരുന്നു.