ബിജെപിയോട് ഇടയുമെന്ന സൂചന നല്‍കി നിതീഷ് കുമാര്‍; രാഷ്ട്രീയകേന്ദ്രങ്ങളില്‍ അമ്പരപ്പ്

single-img
19 May 2019

ഗോഡ്‌സെ ദേശഭക്തനാണെന്ന് പറഞ്ഞ ഭോപാലിലെ സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിങ് ഠാക്കൂറിനെ അംഗീകരിക്കാനാവില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രജ്ഞാ സിങ്ങിനെതിരെ നടപടിയെടുക്കണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. അഴിമതിയിലും വര്‍ഗീയതയിലും കുറ്റകൃത്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു. അവസാന ഘട്ട വോട്ടെടുപ്പില്‍ പാറ്റ്‌നയില്‍ വോട്ട് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍.

പ്രജ്ഞാ സിങ് ഠാക്കൂറിന്റെ ഗോഡ്‌സെ സ്തുതിക്ക് മാപ്പില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും നേരത്തെ വ്യക്തമാക്കിയിരുന്നു. ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന വിവാദ പ്രസ്താവന പിന്‍വലിച്ച പ്രജ്ഞ മാപ്പു പറയണമെന്ന് മോദി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയുവിന്റെ പ്രധാന നേതാവിന്റെ പ്രതികരണം. നിതീഷ് കുമാറിന്‍രെ പ്രസ്താവന രാഷ്ട്രീയകേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.