കേരളത്തില്‍ യു.ഡി.എഫിനു മുന്‍തൂക്കമെന്ന് മാതൃഭൂമിക്കു പുറമേ മനോരമയും; എല്‍.ഡി.എഫിനു ലഭിക്കുക പരമാവധി നാല് സീറ്റ്; കുമ്മനം രാജശേഖരന്‍ ജയിക്കാന്‍ സാധ്യത

single-img
19 May 2019

തിരുവനന്തപുരത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് ഇന്ത്യാ എക്സിറ്റ് പോൾ ഫലം. 15 സീറ്റുമായി യു.ഡി.എഫ് മികച്ച വിജയം നേടും. എൽ.ഡി.എഫ് 4 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും എക്സിറ്റ്പോൾ ഫലം പ്രവചിക്കുന്നു.

കേരളത്തിൽ മൂന്നുമുന്നണികളും തമ്മിൽ ഏറ്റവും ശക്തമായ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. ഹാട്രിക് വിജയത്തിനായി ശശി തരൂരും മണ്ഡലം തിരിച്ചുപിടിക്കാൻ ദിവാകരനും കളത്തിലിറങ്ങിയെങ്കിലും വിജയം കുമ്മനത്തിന് ഒപ്പം നിന്നേക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം പറയുന്നത്.

കേരളത്തില്‍ യു.ഡി.എഫിനു വ്യക്തമായ മുന്‍തൂക്കമെന്ന് മനോരമ ന്യൂസ്-കാര്‍വി ഇന്‍സൈറ്റ്‌സ് എക്‌സിറ്റ് പോള്‍ ഫലവും. 13-15 സീറ്റ് യു.ഡി.എഫിനു നേടുമെന്നു പറയുന്ന ഫലത്തില്‍ എല്‍.ഡി.എഫിനു ലഭിക്കുമെന്നു പറയുന്ന സീറ്റ് വിഹിതം രണ്ടുമുതല്‍ നാലുവരെ മാത്രമാണ്. അതേസമയം തിരുവനന്തപുരത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ജയിക്കാനാണു സാധ്യതയെന്നും ഫലം പറയുന്നു.

യു.ഡി.എഫ് ഒന്നും ബി.ജെ.പി നാലും ശതമാനം വോട്ടുവിഹിതം കൂടുതല്‍ നേടുമെന്നും എല്‍.ഡി.എഫിന് നാലു ശതമാനം വോട്ട് കുറയുമെന്നും എക്‌സിറ്റ് പോളില്‍ അഭിപ്രായപ്പെടുന്നു.

അഞ്ച് മണ്ഡലങ്ങളിലാണ് ഫലത്തില്‍ ഫോട്ടോഫിനിഷ് പ്രവചിക്കുന്നത്. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് ഫോട്ടോഫിനിഷ് പ്രവചിക്കുന്നത്. പാലക്കാട്ടും ആറ്റിങ്ങലും മാത്രമാണ് എല്‍.ഡി.എഫ് വ്യക്തമായി ജയിക്കുമെന്നു പ്രവചിക്കുന്നത്. ബാക്കി ഫോട്ടോഫിനിഷ് മണ്ഡലങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാലുള്ളവ യു.ഡി.എഫിന്റെ അക്കൗണ്ടില്‍ വരുമെന്നും ഫലം പറയുന്നു.

ബി.ജെ.പി പ്രതീക്ഷ വെയ്ക്കുന്ന പത്തനംതിട്ടയില്‍ സിറ്റിങ് എം.പിയും യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ആന്റോ ആന്റണിയും വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരനും ജയിക്കുമെന്ന് പോള്‍ ഫലത്തില്‍ പറയുന്നു. ആലത്തൂരില്‍ സിറ്റിങ് എം.പി പി.കെ ബിജു തോല്‍ക്കുമെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് ജയിക്കുമെന്നും അവര്‍ പറയുന്നു.