ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിനോട് ക്ഷമ ചോദിച്ച് മലയാള മനോരമ

single-img
19 May 2019

ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിനോട് ക്ഷമാപണം നടത്തി മനോരമ. ഇന്ന് പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലൂടെയാണ് മനോരമ വിവാദ ലോട്ടറി വ്യവസായിക്കെതിരെ നല്‍കിയ വാര്‍ത്തകളുമായി ബന്ധപ്പെട്ട് നിരുപാധികം ക്ഷമ ചോദിക്കുന്നതായി പത്രം അറിയിച്ചത്. മാര്‍ട്ടിന്‍ മനോരമയ്‌ക്കെതിരെ നല്‍കിയ കേസുകള്‍ പിന്‍വലിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ മധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയെ തുടര്‍ന്നാണ് കേസുകള്‍ പിന്‍വലിക്കാനും, മനോരമ പത്രവും ഓണ്‍ലൈനും നല്‍കിയ സാന്റിയാഗോ മാര്‍ട്ടിനെതിരായ വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മാര്‍ട്ടിനെയും അദ്ദേഹത്തിന്റെ ലോട്ടറി ബിസിനസിനെയും സംബന്ധിച്ചു മലയാള മനോരമ ദിനപത്രത്തിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും വന്ന വാര്‍ത്തകള്‍ ഒന്നും തന്നെ അദ്ദേഹത്തെ വ്യക്തിപരമായോ അദ്ദേഹത്തിന്റെ ബിസിനസ്സ് സ്ഥാപനങ്ങളെയോ അപകീര്‍ത്തിപെടുത്താനോ കളങ്കപ്പെടുത്താനോ ഉദ്ദേശിച്ചുള്ളതായിരുന്നില്ല.

സാന്റിയാഗോ മാര്‍ട്ടിനെ പറ്റി ലോട്ടറി രാജാവ്, ലോട്ടറി മാഫിയ, കൊളളക്കാരന്‍ തുടങ്ങിയ പദങ്ങള്‍ എഴുതാന്‍ ഇടയായതില്‍ മനേജ്‌മെന്റ് നിര്‍വ്യാജം ഖേദിക്കുന്നതായും മനോരമ പത്രവും ഓണ്‍ലൈനിലും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇത്തരം റിപ്പോര്‍ട്ടുകളും പദപ്രയോഗങ്ങളും അദ്ദേഹത്തിന്റെ ബിസിനസ്സിനും കളങ്കം നേരിട്ടതായ പ്രതീതിയുണ്ടായതിനും ഖേദം രേഖപ്പെടുത്തുന്നു. ഭാവിയില്‍ മാര്‍ട്ടിനുമായോ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കേണ്ടിവന്നാല്‍ അവ പത്രധര്‍മ്മത്തോടും ധാര്‍മ്മിക മൂല്യങ്ങളും നീതി പുലര്‍ത്തിതന്നെയാവുമെന്നും മധ്യസ്ഥ ചര്‍ച്ചകളില്‍ മനോരമ വ്യക്തമാക്കി.