ഇന്ദിരാ ഗാന്ധിയെ കൊന്നതുപോലെ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് കേജ്‍രിവാള്‍

single-img
19 May 2019

സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ബിജെപി തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‍രിവാള്‍. ഇതേ തുടർന്ന് ഡൽഹി മുഖ്യമന്ത്രിക്കു മറുപടിയുമായി പൊലീസും രംഗത്തെത്തി. ഡൽഹിയില്‍ റോഡ് ഷോ നടത്തുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് ഒരാൾ കേജ്‍രിവാളിനെ അക്രമിച്ചതിനു പിന്നാലെയാണു മുഖ്യമന്ത്രിയുടെ ആരോപണം.

ഇന്ദിരാ ഗാന്ധിയെ കൊന്നതുപോലെ പിഎസ്ഒമാരെ (പേഴ്സനല്‍ സെക്യൂരിറ്റി ഓഫിസർ) ഉപയോഗിച്ച് ഒരു ദിവസം എന്നെയും കൊലപ്പെടുത്താനാണു ശ്രമം– പഞ്ചാബിലെ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിൽ കേജ്‍രിവാൾ പറഞ്ഞു. പാർട്ടിയുടെ പ്രവർത്തനത്തിൽ നിരാശനായ ആം ആദ്മി പ്രവർത്തകനാണ് മുഖ്യമന്ത്രിയെ ആക്രമിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്താണ് അത് അർഥമാക്കുന്നത്?. പഞ്ചാബ് മുഖ്യമന്ത്രിയോട് ഒരു കോൺഗ്രസ് പ്രവർത്തകനു ദേഷ്യമുണ്ടെങ്കിൽ അയാൾക്ക് മുഖ്യമന്ത്രിയെ അടിക്കാൻ സാധിക്കുമോ?. മോദിജിയോട് ബിജെപി പ്രവർത്തകനു ദേഷ്യമുണ്ടെങ്കിൽ അതു സാധിക്കുമോ?– കേജ്‍രിവാൾ ചോദിച്ചു.

മുഖ്യമന്ത്രി തന്നെ ആരോപണവുമായി രംഗത്തെത്തിയതോടെ വിഷയത്തിൽ ഡൽഹി പൊലീസും പ്രതികരിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും ഉന്നതർക്കു ഡൽഹി പൊലീസ് സുരക്ഷ നൽകുന്നുണ്ട്. ഡൽഹി മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കുവേണ്ടി നിയോഗിച്ച ഉദ്യോഗസ്ഥര്‍ പ്രതിബദ്ധതയോടെയാണു ചുമതല നിർവഹിക്കുന്നത്– ഡൽഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.