‘ജവാന്‍ സ്റ്റോക്കില്ല…’; കുടിയന്മാരെ പറ്റിക്കാന്‍ നോക്കിയ ബിവറേജസ് ജീവനക്കാരെ കയ്യോടെ പൊക്കി വിജിലന്‍സ്

single-img
19 May 2019

ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലയിലെ ജീവനക്കാര്‍ സ്വകാര്യ കമ്പനികളുടെ മദ്യം വില്‍ക്കാന്‍ ലക്ഷങ്ങള്‍ കമ്മീഷന്‍ വാങ്ങുന്നതായി വിജിലന്‍സ് കണ്ടെത്തി. മദ്യകമ്പനി ഒന്‍പതു ലക്ഷത്തോളം രൂപ ബിവറേജസ് കോര്‍പ്പറേഷന്റെ വിവിധ ചില്ലറ വില്‍പ്പനശാലകളില്‍ ജീവനക്കാര്‍ക്കു കമ്മീഷന്‍ ഇനത്തില്‍ നല്‍കിയതിന്റെ രേഖകളും വിജിലന്‍സ് പിടിച്ചെടുത്തു.

ഏറ്റുമാനൂരിലെ കണ്‍സ്യൂമര്‍ ഫെഡ് ചില്ലറ വില്‍പ്പനശാലയിലും ബെക്കാഡി മദ്യക്കമ്പനിയുടെ സംസ്ഥാനത്തെ മൊത്തവിതരണക്കാരായ എറണാകുളത്തെ മഞ്ജുഷ ബിവറേജസ് ആന്‍ഡ് മാര്‍ക്കറ്റിങ് ഓഫീസിലും വിജിലന്‍സ് സംഘം നടത്തിയ പരിശോധനയിലാണു ക്രമക്കേടു കണ്ടെത്തിയത്.

സംസ്ഥാനത്തെ 300 ബിവറേജസ് കോര്‍പ്പറേഷനുകളുടെ ചില്ലറ വില്‍പ്പന ശാലകളിലെ ജീവനക്കാര്‍ക്ക് മാസപ്പടി ഇനത്തില്‍ ഏറ്റവും ഒടുവിലായി സ്വകാര്യ മദ്യകമ്പനിയായ ബക്കാഡി വിതരണം ചെയ്ത 24.50 ലക്ഷം രൂപയാണെന്നും കണ്ടെത്തി. ഈ മാസം ആദ്യം ഏറ്റുമാനൂരിലുള്ള കണ്‍സ്യൂമര്‍ ഫെഡിന്റെ ചില്ലറ വില്‍പ്പന ശാലയില്‍ നടത്തിയ പരിശോധയില്‍ ഒരു ജീവനക്കാരന് 11 മാസത്തിനിടെ ലഭിച്ചത് 1.40 ലക്ഷം രൂപയാണ്.

ബക്കാഡിയുടെ സംസ്ഥാനത്തെ മൊത്തവിതരണക്കാരായ മഞ്ജുഷ ബിവറേജസ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ലിമിറ്റഡാണ് ജനപ്രിയ ബ്രാന്‍ഡായ ജവാന്‍ വില്‍ക്കാതിരിക്കാന്‍ ജീവനക്കാര്‍ക്ക് മാസപ്പടി വിതരണം ചെയ്തത്. ഏറ്റുമാനൂര്‍ കണ്‍സ്യൂമര്‍ ഫെഡ് ചില്ലറ വില്‍പ്പന ശാലയിലെ ജീവനക്കാരനായ മാത്യുവിനാണ് 11 മാസത്തിനിടെ 1.40 ലക്ഷം രൂപ മാസപ്പടി ലഭിച്ചത്.

രണ്ടാഴ്ചയിലേറെയായി വിജിലന്‍സ് കോട്ടയത്തു നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് മാസപ്പടി രേഖ കണ്ടെടുത്തത്. മാത്യുവിന് 11 തവണയായി നല്‍കിയ ചെക്കിന്റെ വിവരങ്ങളും, മാത്യുവിന്റെ അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തിയ വൗച്ചറും വിജിലന്‍സ് കണ്ടെത്തിരുന്നു. 5700 രൂപയുടെ ചെക്കില്‍ മഞ്ജുഷ ബിവറേജസിന്റെ മാനേജിങ് ഡയറക്ടറാണ് ഒപ്പിട്ടിരിക്കുന്നത്. മാത്യുവിന്റെ അക്കൗണ്ടില്‍ മാറാന്‍ സാധിക്കുന്ന രീതിയിലായിരുന്നു ചെക്ക്.

ഏറ്റുമാനൂരിലെ കണ്‍സ്യൂമര്‍ ഫെഡ് ഷോപ്പില്‍നിന്നു ജവാന്റെ ഇന്റന്റ് പലപ്പോഴും അയയ്ക്കാറില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് എറണാകുളത്തെ മഞ്ജുഷ ബിവറേജസിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 300 സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പണം നല്‍കിയതിന്റെ വൗച്ചറുകളും രേഖകളുമാണ് വിജിലന്‍സിന് കണ്ടെടുത്തത്. ഇത്തരത്തില്‍ സംസ്ഥാനത്തെ ഓരോ മദ്യവില്‍പന ശാലകളിലേക്കും കോടികള്‍ ഒഴുകിയിട്ടുണ്ടെന്നാണ് നിഗമനം.