gulf

സൗദിയിൽ പ്രിവിലേജ് ഇഖാമയ്ക്കു ചെലവേറും: ഫീസ് 1.5 കോടി രൂപ

സൗദിയിൽ സ്ഥിരംതാമസ രേഖയ്ക്ക് എട്ടു ലക്ഷം റിയാൽ ഫീസ് ഈടാക്കുമെന്ന് റിപ്പോർട്ട്. വിദേശികൾക്ക് ഗ്രീൻ കാർഡിന് തുല്യമായ ദീർഘകാല താമസ രേഖയായ പ്രിവിലേജ് ഇഖാമ നൽകുന്നതിന് ശൂറാ കൗൺസിലും സൗദി മന്ത്രിസഭയും നേരത്തെ അംഗീകാരം നൽകിയിരുന്നു.

സ്ഥിരം ഇഖാമയ്ക്ക് 213,333 ഡോളറും (8 ലക്ഷം റിയാൽ) വർഷംതോറും പുതുക്കുന്ന ഇഖാമയ്ക്ക് 26,666 (1 ലക്ഷം റിയാൽ) ഡോളറുമാണു ഫീസ്. ചൊവ്വാഴ്ച മന്ത്രിസഭ അംഗീകരിച്ച ദീർഘകാല താമസ പദ്ധതിയുടെ വിശദാംശങ്ങളാണു ഘട്ടം ഘട്ടമായി പുറത്തുവിടുന്നത്.

സ്വന്തം പേരിൽ വസ്തുവും കെട്ടിടവും വാഹനവും വാങ്ങാനും വാടകയ്ക്കു നൽകാനുമുള്ള അനുമതി, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും മുൻഗണന എന്നിവ ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങളാണു പദ്ധതിയിൽ അംഗമാകുന്നവർക്കും കുടുംബത്തിനും സൗദി വാഗ്ദാനം ചെയ്യുന്നത്.  പ്രത്യേക വിഭാഗങ്ങളിലെ അതിവിദഗ്ധർക്കും ദീർഘകാല താമസാനുമതി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഏതെല്ലാം വിഭാഗം ഇതിൽ ഉൾപ്പെടുമെന്നു വ്യക്തമല്ല.

പ്രിവിലേജ് ഇഖാമക്ക് അംഗീകാരം നൽകിയ മന്ത്രിസഭാ നടപടി, രാജ്യത്തേക്ക് നിക്ഷേപകരെ ആകർഷിക്കുക, ഗുണനിലവാരമേഖലയിൽ മത്സരക്ഷമത പ്രോത്സാഹിപ്പിക്കുക, ബിനാമി ബിസിനസ് അവസാനിപ്പിക്കുക തുടങ്ങി രാജ്യത്ത് വലിയ നേട്ടങ്ങൾക്ക് വഴിയൊരുക്കുമെന്നും തൊഴിൽ മന്ത്രാലയം വാക്താവ് ഖാലിദ് അബുൽ ഖൈൽ വ്യക്തമാക്കി.