രാത്രി മുഴുവന്‍ ധ്യാനത്തിലിരുന്ന മോദിക്കെന്തിനാണ് കട്ടിലും കിടക്കയും ഹാങ്ങറും കണ്ണടയും ?

single-img
19 May 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനവും രുദ്ര ഗുഹയിലെ ഏകാന്ത ധ്യാനവും രാജ്യമാകെ ചര്‍ച്ചയാകുകയാണ്. ട്രോളന്‍മാര്‍ക്കൊപ്പം പ്രതിപക്ഷ നേതാക്കളും പോസ്റ്റുകളുമായി സജീവമായിരുന്നു. കാവി പുതച്ച് ധ്യാനനിരതനായി ഇരിക്കുന്ന മോദിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അദ്ദേഹത്തിന്റെ ക്യാമറാപ്രണയമാണ് ആദ്യം സൈബര്‍ ലോകത്ത് ചര്‍ച്ചയായത്.

പിന്നീടാണ് ഗുഹയില്‍ മോദിയ്ക്ക് കിടന്നുറങ്ങാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ചിത്രസഹിതം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്. കൂടാതെ ഗുഹയുടെ ഒരുഭാഗത്ത് വസ്ത്രങ്ങള്‍ ഊരിവെക്കാനുള്ള ഹാങ്ങറും ഘടിപ്പിച്ചതായി കാണാം.

‘മോദി രാത്രി മുഴുവന്‍ ധ്യാനമിരിക്കുകയാണെന്ന് തന്നെ കരുതാം. പിന്നെന്തിനാണ് നീളമുള്ള കട്ടില്‍? ഭക്തരേ അല്‍പം ചിന്തിച്ചു നോക്കൂ’ എന്നാണ് ഗിരീഷ് എച്ച് ട്വിറ്ററിലൂടെ ചോദിക്കുന്നത്. ‘അദ്ദേഹത്തിന് കിടന്നുറങ്ങാന്‍ കിടക്കയുണ്ട്, വസ്ത്രങ്ങള്‍ ഊരിവെക്കാന്‍ ഹാങ്ങറുണ്ട്. ഉള്ളില്‍ ക്യാമറ അനുവദിച്ചിട്ടില്ല.’ എന്നും ഗിരീഷ് കുറിക്കുന്നു.

മോദിയുടെ ധ്യാനത്തെ ‘മോഡിറ്റേറ്റ്’ എന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നുണ്ട്. ‘സ്വന്തം ആത്മാവിനെ കണ്ടെത്താന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇതൊക്കെയാണ്, ഗ്ലാസ് ധരിക്കണം. പിന്നെ കോട്ട് ഹാങ്ങറുകളും കിടക്കയും തലയിണയുമുള്ള ഗുഹയില്‍ ‘മോഡിറ്റേറ്റ്’ ചെയ്യണം’ എന്നാണ് ട്വിറ്ററില്‍ വന്ന മറ്റൊരു പ്രതികരണം. ‘ധ്യാനത്തിലിരിക്കുന്ന ആള്‍ക്കെന്തിനാണ് ക്ലോത്ത് ഹാങ്ങേഴ്‌സ്’ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

ഹിമാലയക്ഷേത്രമായ കേദാര്‍നാഥിനു സമീപത്തെ ഗുഹയിലാണ് മണിക്കൂറുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനത്തിലിരുന്നത്. ഏറെ ദുര്‍ഘടമായ മലമ്പാതയിലൂടെ രണ്ടു കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണു അദ്ദേഹം ഗുഹയിലെത്തിയത്.