Kerala

സ്വര്‍ണക്കടത്ത് കേസില്‍ വന്‍ വഴിത്തിരിവ്: സ്വര്‍ണം കൊണ്ടുവന്നത് തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലേക്ക്

തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയ 25 കിലോ സ്വര്‍ണം കൊണ്ടുവന്നത് മലപ്പുറം സ്വദേശിയായ ഹക്കീമിന് വേണ്ടിയെന്ന് റവന്യൂ ഇന്റലിജന്‍സ്. തിരുവനന്തപുരം ആറ്റുകാല്‍ ഷോപ്പിംഗ് കോപ്ലക്‌സിലെ ഒരു ജ്വല്ലറി മാനേജറായ ഇയാള്‍ ഒളിവിലാണ്. ഹക്കീം അഡ്വ. ബിജു മോഹനന്റെ സംഘത്തെ ഉപയോഗിച്ച് പലതവണ സ്വര്‍ണം കടത്തിയതായി തെളിവ് ലഭിച്ചു.

ഹക്കീമിന്റെ തിരുവനന്തപുരത്തെയും മലപ്പുറത്തെയും വീടുകളില്‍ ഡിആര്‍ഐ റെയ്ഡ് നടത്തി. മുഖ്യ കണ്ണി അഭിഭാഷകനായ ബിജുമോഹനെതിരെ ഡിആര്‍ഐ ലുക്ക് ഔട്ട് നോട്ടീസിറക്കി. ഇതിനിടെ ബിജു മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.

എട്ടേകാല്‍ കോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വര്‍ണമാണ് ദുബായില്‍ നിന്ന് കടത്തുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയത്. സ്വര്‍ണവുമായി പിടിയിലായ കഴക്കൂട്ടം സ്വദേശി സെറീന ഷാജിയെയും തിരുമല സ്വദേശി സുനില്‍കുമാറിനെയും നിയോഗിച്ചത് അഭിഭാഷകനായ ബിജു മോഹനനാണെന്ന് കണ്ടെത്തിയിരുന്നു.

അതേസമയം സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന സംശയം ബലപ്പെടുകയാണ്. സൂപ്രണ്ടടക്കം മൂന്ന് ഉദ്യോഗസ്ഥരെ ഡി.ആര്‍.ഐ ഇന്നലെ രാത്രിയും ചോദ്യം ചെയ്തു. കര്‍ശന നിരീക്ഷണത്തില്‍ വയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തുവന്ന തിരുമല സ്വദേശി സുനിലിന്റെയും സെറീന ഷാജിയുടെയും ബാഗില്‍ നിന്ന് 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്. വിമാനത്താവളത്തിനുള്ളില്‍ കള്ളകടത്തുകാര്‍ക്ക് സഹായം ലഭിച്ചുവെന്ന സംശയം ഡിആര്‍ഐക്ക് ഉണ്ടായിരുന്നു.

പിടിലായവരുടെ മൊഴികളില്‍ നിന്നും സഹായം ചെയ്തവരെ കുറിച്ചുള്ള ചില സൂചനകളും ലഭിച്ചതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. സ്വര്‍ണം പുറത്തേക്ക് കടത്താന്‍ സഹായിക്കുന്ന ആറ് താല്‍ക്കാലിക ജീവനക്കാര്‍ നേരത്തെ പിടിയിലായിരുന്നു. ഇവരില്‍ നിന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വര്‍ണ വേട്ടയിലേക്ക് നീങ്ങാനുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്.