ആറ്റിങ്ങലില്‍ സമ്പത്ത്, കൊല്ലത്ത് പ്രേമചന്ദ്രന്‍, പത്തനംതിട്ടയില്‍ ആന്റോ: മാതൃഭൂമി എക്‌സിറ്റ് പോള്‍ ഫലം

single-img
19 May 2019

കടുത്ത മത്സരം നടന്ന ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ എൽ ഡി എഫിന്റെ എ സമ്പത്ത് വിജയിക്കുമെന്ന് 
മാതൃഭൂമി ന്യൂസ്-ജിയോവൈഡ് ഇന്ത്യാ എക്സിറ്റ് പോൾ ഫലം. 42ശതമാനം വോട്ടുകൾ സമ്പത്ത് നേടിയേക്കും. യു ഡി എഫ് സ്ഥാനാർഥി അടൂർ പ്രകാശ് 39 ശതമാനം വോട്ടുകൾ നേടി രണ്ടാംസ്ഥാനത്തെത്തും. എൻ ഡി എയുടെ ശോഭാ സുരേന്ദ്രൻ 16 ശതമാനം വോട്ടുകൾ നേടിയേക്കുമെന്നും എക്സിറ്റ് പോൾ ഫലം പറയുന്നു.

കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ പ്രേമചന്ദ്രനെ പിടിച്ചുകെട്ടാൻ സി.പി.എമ്മിന് കഴിയില്ലെന്ന് മാതൃഭൂമി എക്സിറ്റ്പോൾ. 48 ശതമാനം വോട്ട് നേടി പ്രേമചന്ദ്രൻ വിജയിക്കുമെന്നാണ് പ്രവചനം. കെ.എൻ ബാലഗോപാൽ 39 ശതമാനത്തിലേക്ക് ഒതുങ്ങുമ്പോൾ ബി.ജെ.പി സ്ഥാനാർഥി സാബു വർഗീസ് 12 ശതമാനം വോട്ട് നേടുമെന്നും സർവേ പ്രവചിക്കുന്നു.

ശക്തമായ ത്രികോണമത്സരം നടന്ന പത്തനംതിട്ടയിൽ യു ഡി എഫ് വിജയിക്കുമെന്ന് മാതൃഭൂമി ന്യൂസ്- ജിയോവൈഡ് ഇന്ത്യാ എക്സിറ്റ് പോൾ ഫലം. യു ഡി എഫ് സ്ഥാനാർഥി ആന്റോ ആന്റണി 34 ശതമാനം വോട്ടുകൾ നേടി വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ പറയുന്നത്.

ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രൻ 31 ശതമാനം നേടി രണ്ടാം സ്ഥാനത്തെത്തും. എൽ ഡി എഫിന്റെ വീണാ ജോർജിന് 29 ശതമാനം വോട്ടുകളേ നേടാൻ സാധിക്കുകയുള്ളൂവെന്നും എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു. ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് പത്തനംതിട്ട.