റണ്ണൊഴുകുന്ന ലോകകപ്പാകും ഇത്തവണത്തേത്; രാഹുല്‍ ദ്രാവിഡ്

single-img
19 May 2019

ഇംഗ്ലണ്ടില്‍ ഈ മാസം അവസാനം ആരംഭിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ റണ്‍മഴ പ്രവചിച്ച് രാഹുല്‍ ദ്രാവിഡ്. തീര്‍ത്തും ബുദ്ധിമുട്ടേറിയ ലോകകപ്പായിരിക്കും ഇത്തവണത്തേതെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു. എല്ലാ ടീമുകളും തന്നെ സമ്പൂര്‍ണമായ തയാറെടുപ്പോടെയും മാല്‍സര്യബുദ്ധിയോടെയുമാണ് ലോകകപ്പിനെത്തുന്നത്.

ഏറ്റവും മികച്ച പ്രകടനം ലോകകപ്പില്‍ പുറത്തെടക്കാനാകും എല്ലാ ടീമുകളുടെയും ശ്രമമെന്നും ദ്രാവിഡ് ചൂണ്ടിക്കാട്ടി. എന്നിരുന്നാലും ഇക്കുറി കിരീടസാധ്യതയുള്ള രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ടെന്ന് ദ്രാവിഡ് വ്യക്തമാക്കി.

‘ഇന്ത്യ എ ടീമിനൊപ്പം കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലേക്കു നടത്തിയ പര്യടനത്തിന്റെ അനുഭവത്തില്‍ പറയട്ടെ, റണ്ണൊഴുകുന്ന ലോകകപ്പാകും ഇത്തവണത്തേത്. റണ്ണൊഴുകുന്ന ഈ ലോകകപ്പില്‍ മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ കെല്‍പ്പുള്ള ബോളര്‍മാരാകും നിര്‍ണായക സാന്നിധ്യമാകുക. ഇക്കാര്യത്തില്‍ ഇന്ത്യ ഭാഗ്യം ചെയ്തവരാണ്’ – ദ്രാവിഡ് ചൂണ്ടിക്കാട്ടി.

‘ജസ്പ്രീത് ബുമ്ര, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ തുടങ്ങിയ താരങ്ങള്‍ വിക്കറ്റെടുക്കാന്‍ കെല്‍പ്പുള്ളവരാണ്. വലിയ സ്‌കോറുകള്‍ക്ക് സാധ്യതയുള്ള മല്‍സരങ്ങളില്‍ മധ്യ ഓവറുകളില്‍ റണ്‍സ് നിയന്ത്രിച്ച് വിക്കറ്റു വീഴ്ത്തുന്ന ബോളര്‍മാരുള്ള ടീമുകള്‍ക്ക് സാധ്യത വളരെ കൂടുതലാണ്. എതിരാളികളെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഇവര്‍ക്കു കഴിയും’ ദ്രാവിഡ് പറഞ്ഞു.