Latest News

സി.സി.ടി.വി, അറ്റാച്ച്ഡ് ബാത്ത്‌റൂം, കുടിവെള്ള സൗകര്യം, കിടക്ക; ദിവസവാടക 990 രൂപ: മോദി ധ്യാനത്തിലിരുന്ന ‘ഗുഹ’ ആധുനിക സൗകര്യങ്ങളോട് കൂടിയത്

കേദാര്‍നാഥില്‍ മോദി ധ്യാനത്തിലിരുന്ന ഗുഹ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയത്. ഗുഹയുടെ ഉള്‍ഭാഗങ്ങളില്‍ നിന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്ത് വിട്ട ചിത്രങ്ങളാണ് ഗുഹയുടെ യഥാര്‍ത്ഥ സ്വഭാവം വെളിവാക്കുന്നത്.

കഴിഞ്ഞവര്‍ഷമാണ് ഇവിടെ ഗുഹ നിര്‍മ്മിച്ചത്. കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ മുകളിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. നേരത്തെ ദിവസം 3000 രൂപയെന്ന നിലയിലായിരുന്നു വാടക നിശ്ചയിച്ചിരുന്നത്. ആളുകളുടെ എണ്ണം കുറഞ്ഞതോടെയാണ് കഴിഞ്ഞ വര്‍ഷം താരിഫ് 990 ആയി കുറച്ചത്.

വൈദ്യുതി, കുടിവെള്ള സൗകര്യം, വാഷ്‌റൂം, എന്നീ സൗകര്യങ്ങളുമുണ്ട്. കല്ലുകള്‍കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന പുറംഭാഗത്ത് മരത്തിന്റെ വാതിലുമുണ്ട്. കൂടാതെ പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം, രണ്ടുതവണ ചായ എന്നിവ ലഭിക്കും. ഗുഹയ്ക്കുള്ളില്‍ ഒരു കോള്‍ ബെല്ലുണ്ട്. ഇത് അമര്‍ത്തിയാല്‍ 24 മണിക്കൂറും ഒരു അറ്റന്റിന്റെ സേവനം ലഭ്യമാണ്.

ഗുഹ വളരെ ഉള്‍പ്രദേശത്ത് ആയതിനാലും ധ്യാനത്തിനുവേണ്ടിയുണ്ടാക്കിയതിനാലും ഒരു സമയം ഒരാളെ മാത്രമേ ഗുഹയ്ക്കുള്ളില്‍ അനുവദിക്കുകയുള്ളൂ. അടിയന്തര ഘട്ടങ്ങളില്‍ ഗുഹയില്‍ കഴിയുന്നയാള്‍ക്ക് ഉപയോഗിക്കാന്‍ ഒരു ഫോണും അതിനുള്ളിലുണ്ട്.

അതേസമയം മോദിയുടെ ആധുനിക സൗകര്യങ്ങളോട് കൂടിയ ധ്യാനത്തെ സാമൂഹിക മാധ്യമങ്ങളില്‍ കണക്കറ്റ് പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. വെളുത്ത ഷീറ്റ് വിരിച്ച കട്ടിലിന്റെ ഒരറ്റത്ത് കണ്ണടച്ചിരിക്കുന്ന മോദിയുടെ ചിത്രങ്ങളാണ് ആദ്യം പുറത്തുവന്നത്.

കണ്ണട ഊരി മാറ്റാതെ ധ്യാനത്തിലിരുന്ന ചിത്രം പിന്നീട് ട്രോളന്‍മാര്‍ ഏറ്റെടുത്തിരുന്നു. കണ്ണട വെച്ച ഒരു ഫോട്ടോയില്‍ കണ്ണടക്കുള്ളിലൂടെ ചെറുതായി കണ്ണ് തുറന്ന് നോക്കുന്നതും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഗുഹയുടെ ഒരുഭാഗത്ത് വസ്ത്രങ്ങള്‍ ഊരിവെക്കാനുള്ള ഹാങ്ങറും സ്ഥാപിച്ചിട്ടുണ്ട്.

മോദി വരുന്നതിന് മുമ്പ് തന്നെ വെള്ളവും വൈദ്യുതിയും ഗുഹയിലെത്തിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സി.സി.ടി.വി അടക്കമുള്ള സൗകര്യങ്ങളും പുറത്ത് എസ്.പി.ജി കാവലും ഗുഹക്ക് പുറത്ത് ഒരുക്കിയിരുന്നു.